19 April Friday

ആർഎസ്‌എസ്‌ പ്രവർത്തിക്കുന്നത്‌ 
സാമ്രാജ്യത്വത്തിനുവേണ്ടി: എ വിജയരാഘവൻ

സ്വന്തം ലേഖകൻUpdated: Wednesday Dec 8, 2021

ഏലംകുളം

ദേശീയ പ്രസ്ഥാനത്തിന്റെ പൊതുധാരയിൽനിന്ന്‌ അകന്നുനിന്ന്‌ സാമ്രാജ്യത്വത്തിന്‌ വേണ്ടി പ്രവർത്തിച്ച ആർഎസ്‌എസ്‌ ഇന്നും ആ പ്രവൃത്തി തുടരുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം പെരിന്തൽമണ്ണ ഏരിയാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  രാജ്യത്തിന്റെ ഭരണനേതൃത്വത്തിൽ എത്തിയപ്പോഴും സാമ്രാജ്യത്വ ശക്തികളെയും കോർപറേറ്റുകളെയും സഹായിക്കുന്ന നിലപാടാണ്‌ അവർ സ്വീകരിക്കുന്നത്‌. കോവിഡ്‌ കാലത്ത്‌ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാതിരുന്ന കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക്‌ നികുതി കുറച്ചുനൽകി. രാജ്യത്തിന്റെ ആസ്‌തി കോർപറേറ്റ്‌ മുതലാളിമാർക്ക്‌ വീതംവയ്‌ക്കുന്ന പ്രക്രിയയാണ്‌ ഇന്ന്‌ നടക്കുന്നത്‌.  തൊഴിലാളികളുടെയും കൃഷിക്കാരന്റെയും പാവപ്പെട്ടവന്റെയും താൽപ്പര്യങ്ങൾ കേന്ദ്രം നോക്കുന്നില്ല. രാജ്യത്ത്‌ ഉയർന്നുവന്ന കർഷക സമരം പ്രതീക്ഷയേകുന്നതാണ്‌. പാർലമെന്റിനെ നിശ്ശബ്ദമാക്കി മൂന്ന്‌ കർഷകവിരുദ്ധ നിയമം പാസാക്കിയ കേന്ദ്ര സർക്കാരിന്‌ ജനകീയ സമരത്തിന്‌ മുന്നിൽ മുട്ടുമടക്കേണ്ടിവരുന്നു. കർഷക സമരത്തിന്‌ ശരിയായ ദിശാബോധം നൽകാൻ ഇടതുപക്ഷത്തിനും ഇടതുപക്ഷ കർഷക സംഘടനകൾക്കും കഴിഞ്ഞു. പ്രധാനപ്പെട്ട ഒരു വിഷയത്തിലും ശക്തമായ നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിന്‌ കഴിയുന്നില്ല. വർഗീയതയോട്‌ അയഞ്ഞ സമീപനമാണ്‌ കോൺഗ്രസിനുള്ളത്‌.  കേന്ദ്ര സർക്കാർ ജനങ്ങളെ ജാതീയമായും മതപരമായും സ്വത്വപരമായും വേർതിരിക്കുന്നു. ന്യൂനപക്ഷ വിരുദ്ധ നയങ്ങൾ നടപ്പാക്കി അവരെ മായ്‌ച്ചുകളയാനാണ്‌ ശ്രമം.   കേരളത്തിൽ തുടർഭരണം നേടാൻ ഇടതുപക്ഷത്തിനായി. ജമാഅത്തെ ഇസ്ലാമിയെയടക്കം കൂട്ടുപിടിച്ച്‌ യുഡിഎഫ്‌ പുതിയ വർഗീയ ചേരിതിരിവിന്‌ ശ്രമിച്ചു. മാധ്യമങ്ങൾ കമ്യൂണിസ്‌റ്റ്‌ വിരുദ്ധ പ്രചാരണം നടത്തി. എന്നാൽ അതിനെയെല്ലാം മറികടന്ന്‌ മുന്നേറാൻ ഇടതുപക്ഷത്തിന്‌ കഴിഞ്ഞു. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന ബദൽ നയമാണ്‌ ഇതുപക്ഷത്തിന്റേത്‌. കേരളത്തിന്റെ വികസനത്തിന്‌ തുരങ്കംവയ്‌ക്കുന്ന നിലപാടാണ്‌ യുഡിഎഫിന്‌. ഇതിന്‌ യുഡിഎഫ്‌ എല്ലാ വർഗീയ ശക്തികളെയും കൂട്ടുപിടിക്കുന്നു. ബിജെപിയുമായും സന്ധിയുണ്ടാക്കുന്നു. കേരളത്തിൽ ബിജെപിക്ക്‌ പച്ചക്കൊടി പിടിക്കുന്നത്‌ കോൺഗ്രസാണെന്നും വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top