29 March Friday

ജാഥക്കുനേരെ എംഎസ്എഫ് ആക്രമണം

സ്വന്തം ലേഖകൻUpdated: Saturday Oct 8, 2022

എസ്എഫ്ഐ ജില്ലാ ജാഥക്കുനേരെ തിരൂരങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ എംഎസ്എഫ് പ്രവർത്തകർ നടത്തിയ ആക്രമണം

തിരൂരങ്ങാടി
മയക്കുമരുന്നിനെതിരെ ക്യാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത എന്ന പേരിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തുന്ന ജാഥക്കെതിരെ തിരൂരങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ എംഎസ്എഫ് ആക്രമണം. ജാഥാ ക്യാപ്റ്റനും ജില്ലാ സെക്രട്ടറിയുമായ എം സജാദ്, മാനേജരും ജില്ലാ പ്രസിഡന്റുമായ എൻ ആദിൽ എന്നിവർക്കും വിദ്യാർഥിനികളടക്കമുള്ളവർക്കും നേരെയാണ് കൈയേറ്റം നടന്നത്. 
വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. തിരൂർ പോളിടെക്‌നിക്, തിരൂർ ടിഎംജി, താനൂർ ഗവ. കോളേജ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷമാണ് ജാഥ ചേളാരിയിലുള്ള തിരൂരങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിൽ എത്തിയത്. ജാഥക്ക് ക്യാമ്പസിനകത്ത് സ്വീകരണം നൽകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തടയുകയായിരുന്നു. ജാഥാ സ്വീകരണം നടത്താൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അക്രമം. ജാഥയുടെ കൊടിയും തോരണങ്ങളും എംഎസ്എഫുകാർ നശിപ്പിച്ചു. എസ്എഫ്ഐക്കാർ കൊടി വീണ്ടും കെട്ടി. ജാഥ ക്യാമ്പസിനകത്ത് പരിപാടി അവതരിപ്പിച്ചതിനുശേഷമാണ് മടങ്ങിയത്. ലഹരിക്കെതിരെ ജാഥ നടത്തുന്നതിൽ എംഎസ്എഫുകാർ കാണിച്ച അസഹിഷ്ണുതയെന്തിനാണെന്ന സംശയം വിദ്യാർഥികൾക്കിടയിൽ ഉയർന്നിട്ടുണ്ട്.
 
അക്രമം വിദ്യാർഥികളോടുള്ള വെല്ലുവിളി
മലപ്പുറം 
എസ്എഫ്ഐ ജില്ലാ ജാഥക്കു നേരെയുണ്ടായ എംഎസ്എഫ് അക്രമം വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.  എസ്എഫ്ഐ ജില്ലാ ജാഥക്ക് ചേളാരി പോളിടെക്നിക് കോളേജിൽ സ്വീകരണം ഒരുക്കുമ്പോഴാണ്  എംഎസ്എഫ്‌  പ്രവർത്തകർ സംഘം ചേർന്നുകൊണ്ട് എസ്എഫ്ഐ ജാഥയെ തടയുകയും  ജാഥാ  ക്യാപ്റ്റൻ എം സജാദ് സംസാരിക്കുന്നത് തടസപ്പെടുത്തുകയും ചെയ്തത്.  എന്നാൽ  അക്രമം അതിജീവിച്ച്  വിദ്യാർഥികൾ  ജാഥയെ  ആവേശപൂർവം സ്വീകരിച്ചു.  എസ്എഫ്ഐ  ജാഥക്കുനേരെ ബോധപൂർവം എംഎസ്എഫ് സൃഷ്ടിക്കുന്ന  അക്രമങ്ങൾക്കെതിരെ  ക്യാമ്പസുകളിൽ ശക്തമായ പ്രതിരോധം തീർക്കണമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ എൻ ആദിൽ,  സെക്രട്ടറി എം സജാദ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top