25 April Thursday
പവർഫുളാണ്‌ സിന്ധു

മുഖ്യമന്ത്രിയുടെ 
വിശിഷ്ട സേവനത്തിനുള്ള എക്‌സൈസ് മെഡല്‍ 
നേടുന്ന സംസ്ഥാനത്തെ ആദ്യ വനിത

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

സിന്ധു പട്ടേരി വീട്ടിൽ.

തിരൂരങ്ങാടി 
മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള എക്‌സൈസ് മെഡലുമായി ചരിത്രമെഴുതി മൂന്നിയൂർ ചേളാരി  സ്വദേശിനി സിന്ധു പട്ടേരി വീട്ടിൽ. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്‌ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ സിന്ധു.   
2014 മുതലാണ് എക്‌സൈസ് സിവിൽ ഓഫീസർമാരായി വനിതകളെ നിയമിക്കാൻ ആരംഭിച്ചത്. ആദ്യ ബാച്ചിലെ ഉദ്യോഗാർഥിയായ സിന്ധു കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ പരപ്പനങ്ങാടി എക്‌സൈസ് രജിസറ്റര്‍ ചെയ്ത നിരവധി മയക്കുമരുന്ന്‌ കേസുകള്‍ പിടികൂടുന്നതിൽ നടത്തിയ പ്രവര്‍ത്തനമാണ് നേട്ടത്തിലെത്തിച്ചത്‌. കേസ് കണ്ടെത്താന്‍ രാപകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണ് അവാര്‍ഡെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. 
കഴിഞ്ഞ വര്‍ഷം ചേലേമ്പ്രയില്‍ വിവിധ ന്യൂജെന്‍ മയക്കുമരുന്നും തലപ്പാറയില്‍ 175 കിലോ കഞ്ചാവുമടക്കം നിരവധി കേസുകളാണ് പരപ്പനങ്ങാടി എക്‌സൈസ് പിടിച്ചത്. ഈ കണ്ടെത്തലുകളിൽ സിന്ധുവിന്റെ പങ്കാളിത്തവും അവാര്‍ഡിന്റെ പരിഗണനാ വിഷയമായി. പുരസ്‌കാരം സഹപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും ആദ്യ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് ലഭിച്ച പുരസ്‌കാരം എന്ന നിലയില്‍ ഏറെ സന്തോഷമുണ്ടെന്നും സിന്ധു പറഞ്ഞു. 
റേഷൻ വ്യാപാരിയായിരുന്ന പി വി ശിവദാസന്‍–-ബേബി ദമ്പതികളുടെ മകളാണ് ബിഎഡ് ബിരുധദാരിയായ സിന്ധു. പരപ്പനങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ക്ലര്‍ക്കും എന്‍ജിഒ യൂണിയന്‍ ജില്ലാ കൗൺസിലംഗവുമായ കെ  രവീന്ദ്രനാണ് ഭര്‍ത്താവ്. വിദ്യാര്‍ഥിളായ ഹൃദ്യ, ഹിദ എന്നവരാണ്‌ മക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top