എടക്കര
കവളപ്പാറ ദുരന്തത്തിന്റെ മൂന്നാം വാർഷികം തിങ്കളാഴ്ച ആചരിക്കാനിരിക്കെ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിയുടെ അലംഭാവത്തിൽ നീട്ടിക്കൊണ്ടുപോയ ഭവനനിർമാണ പ്രദേശം ആദിവാസി ക്ഷേമസമിതി നേതാക്കൾ സന്ദർശിച്ചു. പല വീടിനും ജനൽ, വാതിൽ എന്നിവയില്ല, തറയിൽ ടൈൽസ് ഇട്ടിട്ടില്ല, ചില വീടുകൾക്ക് അടുക്കള സ്വന്തം ചെലവിലാണ് നിർമിച്ചത് തുടങ്ങിയ പരാതികൾ ഗുണഭോക്താക്കൾ ഉന്നയിച്ചു.
സംസ്ഥാന സർക്കാർ 32 കുടുംബത്തിനാണ് ഭൂമിക്കും വീടിനുമായി 12 ലക്ഷം രൂപവീതം അനുവദിച്ചത്. ഒന്നര വർഷമായിട്ടും നിർമാണം എങ്ങുമെത്തിയില്ല. ദുരിതാശ്വാസ ക്യാമ്പിന് 14 ലക്ഷമാണ് സർക്കാർ വാടകയിനത്തിൽ ചെലവഴിച്ചത്. രണ്ട് കുടുംബത്തിന് തറ മാത്രമാണ് നിർമിച്ചത്. രണ്ടു വീടിന് തറയും ആയില്ല. സൗകര്യപ്രദമായ ഭൂമി വാങ്ങാൻ തുകയുണ്ടായിട്ടും വില കുറഞ്ഞ തോട്ടഭൂമിയാണ് ഇടനിലക്കാർ മുഖേന കോൺഗ്രസ് നേതാവ് വാങ്ങിയതെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ടവർ പറഞ്ഞു. ചെങ്കുത്തായ സ്ഥലം മണ്ണ് നീക്കിയതിനാൽ വീടുകൾക്ക് സംരക്ഷണ ഭിത്തി നിർമിക്കണം. അതിനും നിർമാണ ചുമതലയുള്ള സൊസൈറ്റി തയ്യാറല്ല. സർക്കാർ വൈദ്യുതി സൗജന്യമായി നൽകിയിട്ടും അതിനും പണം ആവശ്യപ്പെടുന്നു. സർക്കാർ ആറുലക്ഷം നൽകിയിട്ടും നാലു ലക്ഷം ചെലവിലാണ് വീട് നിർമിച്ചത്. വനത്തിൽ വാഹനം എത്താത്തതിനാൽ തലച്ചുമടായി നിർമാണ സാമഗ്രികൾ എത്തിക്കുന്ന വീടുകൾക്കാണ് സർക്കാർ രണ്ട് ലക്ഷം അധികം അനുവദിക്കുന്നത്. പരാതികള്‍ മന്ത്രിയുടേയും കലക്ടറുടേയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് നേതാക്കൾ ഉറപ്പുനൽകി.
എകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ സുബ്രമണ്യൻ, ജില്ലാ പ്രസിഡന്റ് വിനുമോൻ, സെക്രട്ടറി കെ സി ശിവദാസൻ, വി കെ ഷാനവാസ്, രവീന്ദ്രൻ കവളപ്പാറ, എസ് ബിജു, എം എസ് രാജ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശം സന്ദർശിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..