26 April Friday

മലയാള സർവകലാശാലയ്‌ക്ക്‌ ആസ്ഥാന മന്ദിരമൊരുങ്ങും

സ്വന്തം ലേഖകൻUpdated: Thursday Jun 8, 2023

മലയാള സർവകലാശാല കെട്ടിടത്തിന്റെ രൂപരേഖ

 തിരൂർ

തുഞ്ചത്ത്‌ എഴുത്തച്ഛൻ സ്‌മാരക മലയാള സർവകലാശാല ആസ്ഥാന മന്ദിരത്തിന് വെട്ടത്ത് സാക്ഷാൽക്കാരമാകും. ആദ്യഘട്ട നിർമാണ പ്രവൃത്തിക്ക്‌ 20 കോടി രൂപയുടെ ഭരണാനുമതിയായി. നിലവിൽ വെട്ടം വാക്കാട്ടെ താൽക്കാലിക കെട്ടിടത്തിലാണ്‌ സർവകലാശാലാ പ്രവർത്തനം. ഡോ. അനിൽ വള്ളത്തോൾ വൈസ്‌ ചാൻസലറായിരിക്കെയാണ്‌ വിശദമായ പദ്ധതി സർക്കാരിന്‌ സമർപ്പിച്ചത്‌. 
ഏറെ പ്രതിബന്ധങ്ങൾ തരണംചെയ്താണ് സർവകലാശാലയ്‌ക്ക് സ്വന്തമായി വെട്ടം മാങ്ങാട്ടിരിയിൽ 11 ഏക്കർ ഭൂമി ഏറ്റെടുത്തത്. 2021 ഫെബ്രുവരിയിൽ കെട്ടിട നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു. തുടർന്ന് കെട്ടിട നിർമാണത്തിന്‌ വിശദ പ്ലാനും എസ്റ്റിമേറ്റും സർവകലാശാല സർക്കാരിന്  സമർപ്പിച്ച്‌ തീരദേശ പരിപാലന നിയമപ്രകാരമുള്ള അനുമതി ലഭ്യമാക്കി. കെട്ടിട നിർമാണം 15.5 കോടി, കാർപെന്ററി 15 ലക്ഷം, പെയിന്റിങ്‌ 32 ലക്ഷം, പ്ലംബിങ്‌ 52.5 ലക്ഷം, വൈദ്യുതീകരണം 50 ലക്ഷം എന്നിവയ്‌ക്കായാണ്‌ 20 കോടി അനുവദിച്ചത്‌. പ്രവൃത്തിയുടെ ടെൻഡർ നടപടി ഉടനുണ്ടാകുമെന്ന്‌ സർവകലാശാല അധികൃതർ പറഞ്ഞു. 
സർവകലാശാല സ്ഥാപിച്ചെങ്കിലും അക്കാദമിക്, ഭരണ നടപടികൾക്ക്‌ വേഗം വന്നത്‌ എൽഡിഎഫ്‌ സർക്കാർ വന്നശേഷമാണ്‌. കേന്ദ്രസർക്കാരിന്റെ ക്ലാസിക്കൽ മലയാളം മികവുകേന്ദ്രം മലയാള സർവകലാശാലയ്‌ക്കു അനുവദിച്ചുകിട്ടാനും സർവകലാശാലാ സ്റ്റാറ്റ്യൂട്ടുകൾക്ക് നിയമപരമായ അംഗീകാരം നൽകാനും  രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ ഓഫീസർമാരെ നിയമിക്കുന്നതിന് അനുകൂല സാഹചര്യമൊരുക്കാനും എൽഡിഎഫ് സർക്കാർ പ്രത്യേകം താൽപ്പര്യമെടുത്തു. 
മലയാള ഭാഷയിലും സാഹിത്യത്തിലും മാത്രമല്ല ചരിത്രം, സാമൂഹ്യശാസ്ത്രം, വികസന പഠനം, മാധ്യമപഠനം, ചലച്ചിത്രപഠനം, പരിസ്ഥിതിപഠനം, പൈതൃകവിജ്ഞാനം എന്നീ വിഷയങ്ങളിലും ഇവിടെ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി കോഴ്‌സുകൾ ഉണ്ട്‌. ഉന്നത വിദ്യാഭ്യാസത്തിൽ ശാസ്ത്രവിഷയവും മലയാള മാധ്യമത്തിലൂടെ പഠിക്കാം. എംഎസ്‌സി പരിസ്ഥിതി പഠന സ്‌കൂളും സർക്കാർ അനുവദിച്ച പരിഭാഷ താരതമ്യ പഠന സ്കൂളും ഏറെ പ്രതീക്ഷ നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top