29 March Friday

ഡോ. എൽ സുഷമ 
വൈസ്‌ ചാൻസലറായി ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

മലയാള സര്‍വകലാശാല താൽക്കാലിക വൈസ് ചാന്‍സലറായി 
ഡോ. എൽ സുഷമ ചുമതലയേൽക്കുന്നു

 തിരൂർ

തുഞ്ചത്തെഴുത്തച്ഛൻ മലയാള സര്‍വകലാശാല താൽക്കാലിക വൈസ് ചാന്‍സലറായി ഡോ. എല്‍ സുഷമ ചുമതലയേറ്റു. ബുധനാഴ്ച വൈകിട്ട് 4.30ഓടെയാണ് അക്ഷരം ക്യാമ്പസിൽ എത്തി ചുമതലയേറ്റത്‌. നിയുക്ത വിസിയെ രജിസ്ട്രാർ ഡോ. പ്രജിത്ത് ചന്ദ്രൻ, കെ വി ശശി, ആശിഷ് സുകു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സർവകലാശാലയുടെ ഉന്നമനത്തിന്‌ ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അധ്യാപകരോടും ജീവനക്കാരോടും ഡോ. സുഷമ അഭ്യർഥിച്ചു. വെള്ളിയാഴ്ച വീണ്ടും ക്യാമ്പസിൽ എത്തി അധ്യാപകരുമായും വിദ്യാർഥികളുമായും ജീവനക്കാരുമായും ചർച്ച നടത്തും.  
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ മലയാളം പ്രൊഫസറായ ഡോ. എൽ സുഷമ ആലപ്പുഴ ചമ്പക്കുളം സ്വദേശിയാണെങ്കിലും തിരൂർ തുഞ്ചൻപറമ്പിനുസമീപം സുഷമയിലാണ്‌ താമസം. കേരള സർവകലാശാലയിൽനിന്ന്‌ പിഎച്ച്‌ഡി നേടി. 1995 മുതൽ സംസ്കൃത സർവകലാശാല മലയാളം അധ്യാപികയാണ്. 14 വർഷം തിരൂർ പ്രാദേശിക കേന്ദ്രം ഡയറക്ടറായിരുന്നു. തിരൂർ പ്രാദേശിക കേന്ദ്രത്തിന് തിരുന്നാവായയിൽ സൗജന്യമായി മൂന്ന്‌ ഏക്കർ ലഭ്യമാക്കാനും സ്ഥിരം കെട്ടിടമൊരുക്കാനും നേതൃപരമായ പങ്കുവഹിച്ചു. ഇതിന് സർവകലാശാല പ്രശസ്തിപത്രം നൽകി ആദരിച്ചിരുന്നു. സംസ്കൃത സർവകലാശാലയിലും മലയാള സർവകലാശാലയിലും ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. കെഎസ്ഇബി എൻജിനിയറായിരുന്ന രവീന്ദ്രനാഥാണ് ഭർത്താവ്. മക്കൾ: ആദിശേഷൻ, ആദിത്യവർമ.
 
മികവാർന്ന കേന്ദ്രമാക്കി ഉയർത്തും
തിരൂർ
മലയാള സർവകലാശാലയെ ഭാഷയുടെ മികവാർന്ന കേന്ദ്രമാക്കി ഉയർത്താൻ പരിശ്രമിക്കുമെന്ന് വൈസ് ചാൻസലറായി ചുമതലയേറ്റ ഡോ. എൽ സുഷമ പറഞ്ഞു. സർവകലാശാലയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ. ഭാഷാ പഠനമെന്നതിലുപരി മലയാളമെന്ന മാധ്യമത്തിലൂടെ എല്ലാ മേഖലയിലുമുള്ള വിജ്ഞാനം നേടുക എന്ന ലക്ഷ്യവുമായാണ് സർവകലാശാല ആരംഭിച്ചത്. ഇതിനായി ഒത്തൊരുമയോടെ പ്രവർത്തിക്കും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവ വിജ്ഞാനകോശം കേന്ദ്രം, തുഞ്ചൻ സ്മാരക കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ പദ്ധതികൾ നടപ്പിലാക്കുമെന്നും ഡോ. എൽ സുഷമ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top