26 April Friday

കനലായ്‌ ജ്വലിച്ചു; 
ചുവന്നുപൂത്ത പകലുകൾ

സ്വന്തം ലേഖകൻUpdated: Wednesday Feb 8, 2023

എഫ്‌എസ്‌ഇടിഒ അമ്പതാം വാർഷിക ഭാഗമായി സിവില്‍ സ്റ്റേഷനിലൊരുക്കിയ ചരിത്ര ചിത്രപ്രദർശനം കാണുന്നവർ

മലപ്പുറം
സമരമുഖങ്ങൾ, അവകാശപ്പോരാട്ടങ്ങൾ...  ചിത്രങ്ങളായി ചരിത്രം നിരന്നു. ജീവനക്കാരും അധ്യാപകരും കൈകോർത്തിറങ്ങിയ 1973ലെ ഐതിഹാസിക സമരം, ചുവന്നുപൂത്ത 54 പകലിരവുകൾ, എഫ്‌എസ്‌ഇടിഒയുടെ പിറവി കഥപോലെ കണ്ടറിയാം ചിത്രങ്ങളിലൂടെ. എഫ്‌എസ്‌ഇടിഒ 50–-ാം വാർഷിക ഭാഗമായി സിവിൽ സ്‌റ്റേഷനിൽ ഒരുക്കിയ പ്രദർശനത്തിലാണ്‌ ഈ സമരചരിത്രം.  
1972ലെ സമ്മേളനത്തിൽ ശമ്പള പരിഷ്‌കരണം ആവശ്യപ്പെടാനുള്ള തീരുമാനംമുതൽ കൂട്ടനിവേദനം നൽകൽ, അവകാശ ദിനാചരണം, പ്രചാരണ പക്ഷാചരണം തുടങ്ങി അധ്യാപകരും ജീവനക്കാരും സംഘടിച്ച്‌ പോരടിച്ചതിന്റെ നാൾവഴികളെല്ലാം ജ്വലിക്കുന്നു. നിത്യജീവിതത്തിനുപോലും വരുമാനമില്ലാത്ത ഘട്ടത്തിലായിരുന്നു സമരം. ക്ലാസ്‌ ഫോർ ജീവനക്കാരന്‌ വേതനം 155.80 രൂപമാത്രം. നൂറുരൂപ ഇടക്കാല ആശ്വാസമെന്ന ആവശ്യംപോലും നിഷേധിക്കപ്പെട്ടു. സമരച്ചൂടിലേക്ക്‌ കേരളം ഇരച്ചെത്തി. സംരക്ഷണത്തിനും സഹായത്തിനും കർഷകരും തൊഴിലാളികളും കൈകോർത്തു. 
      ‘അരിയും കപ്പയും എത്തിപ്പോയി, സമരം തുടരൂ സഖാക്കളേ’ മഞ്ചേരിയിലെ പട്ടിണിക്യാമ്പിലേക്ക്‌ പച്ചക്കറിയും തലയിലേറ്റി നടന്നുനീങ്ങിയവർ വിളിച്ച മുദ്രാവാക്യം ചരിത്രത്തിലിന്നും മുഴങ്ങുന്നു. പഠിപ്പുമുടക്കി വിദ്യാർഥികൾ, സമരമുഖത്തെ ത്രസിപ്പിച്ച്‌ എ കെ ജി ഉൾപ്പെടെയുള്ള നേതാക്കൾ... 
സമരാവേശം കെടുത്താൻ മുഖ്യധാരാ മാധ്യമങ്ങളിൽ ചിലത്‌ പടച്ചുവിട്ട വാർത്തകളും എഡിറ്റോറിയലുകളും സംഘശക്തിയുടെ വീര്യത്തിനുമുന്നിൽ ചിതറിത്തെറിച്ചു. അന്ന്‌ സമരത്തെ എതിർത്ത്‌ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളും പോരാട്ടത്തിന്റെ നേർസാക്ഷ്യമായി ദേശാഭിമാനിയിൽ വന്ന വാർത്തകളും പ്രദർശനത്തിലുണ്ട്‌. അധികാരത്തിന്റെ ക്രൂരമർദനങ്ങളെ, അടിച്ചമർത്തലുകളെ അതിജീവിച്ച്‌ മുന്നേറിയ പോരാട്ടം അവസാനിപ്പിച്ച്‌ സമരസമിതി കൺവീനറായിരുന്ന ഇ പത്മനാഭൻ നടത്തിയ ‘ആളിക്കത്തുന്ന തീയും അമർന്നുകത്തുന്ന തീയും തീയാണ്‌’ പ്രഖ്യാപനവും പ്രദർശനം കാണാനെത്തിയവരുടെ ഹൃദയത്തിൽ പുത്തൻ ഊർജം നിറയ്‌ക്കുന്നു. സുവർണ ജ്വാലയെന്ന പേരിലായിരുന്നു പ്രദർശനം. 
 എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര പ്രദർശനം സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി ഉദ്ഘാടനംചെയ്‌തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ,  സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആർ കെ ബിനു, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് വി കെ രാജേഷ്, കെജിഒഎ ജില്ലാ പ്രസിഡന്റ് എൻ മുഹമ്മദ് അഷ്റഫ്, കെഎംസിഎസ്‌യു സംസ്ഥാന സെക്രട്ടറിയറ്റംഗം കെ മധുസൂദനൻ എന്നിവർ സംസാരിച്ചു. 

സമരപോരാളികളുടെ 
സംഗമം ഇന്ന്‌
മലപ്പുറം
എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ ബുധനാഴ്‌ച സമരപോരാളികളുടെ സംഗമം നടത്തും. 1973ലെ പണിമുടക്കിന്റെ 50–-ാം വാർഷിക ഭാഗമായാണ്‌ പരിപാടി. സമരത്തിൽ പങ്കെടുത്തവർ പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ ഒത്തുചേരും. രാവിലെ 10ന്‌ എൻജിഒ യൂണിയൻ മുൻ ജനറൽ സെക്രട്ടറി കെ രവീന്ദ്രൻ ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top