25 April Thursday

വീട്ടിലെ താരങ്ങളായി അരുമകൾ

സുധ സുന്ദരൻUpdated: Tuesday Dec 7, 2021
 
മലപ്പുറം
വെള്ളാരംകണ്ണുകളും വട്ടമുഖവും പതിഞ്ഞ മൂക്കും നീളൻ രോമങ്ങളുമുള്ള പേർഷ്യൻ സുന്ദരി, കൂർത്ത ചെവിയും ഉയരമേറിയ, മെലിഞ്ഞ ശരീരവുമുള്ള കരുത്തൻ പാളയം കാവൽക്കാരൻ, പുള്ളികൾ നിറഞ്ഞ ബംഗാൾ ക്യാറ്റ്‌ ....  വീട്ടിലെ താരങ്ങളാണ്‌ ഈ അരുമകൾ.  
ലോക്ക്‌ ഡൗണോടെയാണ്‌ ജില്ലയിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായത്‌.  വളർത്തുമൃഗങ്ങളുടെ വിൽപ്പന തുടങ്ങിയവരും ഏറെ.  അലങ്കാരമത്സ്യങ്ങൾ, പൂച്ചകൾ, നായകൾ, കിളികൾ, കോഴികൾ എന്നിവയാണ്‌ പ്രധാനം. പേർഷ്യൻ പൂച്ചയ്ക്ക്‌ 10,000–-12,000 രൂപയാണ്‌ ശരാശരി വില. ജില്ലയിൽ ഏകദേശം ആയിരത്തോളം പെറ്റ്‌ ഷോപ്പുകളുണ്ട്‌. വിദേശ രാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതി ചെയ്ത്‌  ഇടനിലക്കാർവഴിയാണ്‌ വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ എത്തിക്കുന്നത്‌. 
ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ കുത്തിവയ്‌പ്‌ എടുക്കാനെത്തിയ കണക്ക്‌ പ്രകാരം കേവിഡ്‌ കാലത്ത്‌ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരിൽ വർധനവ്‌ ഉണ്ടായിട്ടുണ്ട്‌. 2019–-20 കാലയളവിൽ 8914 നായകൾ, 2640 പൂച്ചകൾ, 2311 വളർത്തുപക്ഷികൾ എന്നിങ്ങനെയാണ്‌. 2020–-21 കാലയളവിൽ ഇത്‌  16,400 നായകൾ, 5906 പൂച്ചകൾ എന്നിങ്ങനെ വർധിച്ചു. ലോക്ക്‌ഡൗൺ കാലത്ത്‌  പൂച്ച, പപ്പീസ്‌, വിവിധയിനം കിളികൾ എന്നിവയ്ക്ക്‌ ആവശ്യക്കാർ ഏറെയായിരുന്നെന്ന്‌  എവി കൾച്ചർ അസോസിയേഷൻ അംഗം ഫൈസൽ കല്ലേരി പറഞ്ഞു.
-
താരമായി ഇഗ്വാന
മെക്‌സിക്കോ, വെസ്റ്റ്‌ ഇൻഡീസ്‌ എന്നിവിടങ്ങളിൽനിന്ന്‌ കേരളത്തിലെത്തിയ താരമാണ്‌ ഇഗ്വാന. 2020–-21 കാലയളവിൽ വലിയ വിപണിയാണ്‌ ഇഗ്വാനക്ക്‌ ഉണ്ടായത്‌. 8000 രൂപമുതലാണ്‌ വില. റെഡ്‌, നീല, പച്ച, ക്യൂബൻ ഇഗ്വാന എന്നിവ പ്രധാനയിനങ്ങൾ. പച്ച  ഇഗ്വാനക്ക്‌ ആവശ്യക്കാർ ഏറെയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top