20 April Saturday
കുട്ടികളിലെ കുഷ്‌ഠരോഗ നിർമാർജനം

പ്രതിരോധിക്കാം; ‘ബാലമിത്ര’യുണ്ട്‌

സ്വന്തം ലേഖകൻUpdated: Friday Oct 7, 2022

 

മലപ്പുറം
കുട്ടികളിലെ കുഷ്ഠരോഗ നിവാരണത്തിനായുള്ള ആരോഗ്യവകുപ്പിന്റെ ‘ബാലമിത്ര' പദ്ധതി കാര്യക്ഷമമാക്കും. സംസ്ഥാനത്ത് കുട്ടികളിലെ കുഷ്ഠരോഗബാധ ഏറ്റവും കൂടുതലുള്ള ജില്ലയാണ്‌ മലപ്പുറം. എഡിഎം എൻ എം മെഹറലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പദ്ധതി നടത്തിപ്പ്‌ ആസൂത്രണംചെയ്‌തു. 
മുഴുവൻ സ്‌കൂൾ വിദ്യാർഥികളെയും ശരീരപരിശോധന നടത്തി പ്രാരംഭഘട്ടത്തിൽത്തന്നെ കുഷ്ഠരോഗ നിർണയം നടത്തും. അധ്യാപകർക്ക് രോഗം കണ്ടെത്താനുള്ള പരിശീലനം ആരോഗ്യ വകുപ്പ് നൽകും. അധ്യാപകർ രക്ഷിതാക്കളുടെ കൂടി സഹായത്തോടെ കുട്ടികളുടെ ശരീരത്തിലെവിടെയെങ്കിലും കുഷ്ഠരോഗ ലക്ഷണമാകാനിടയുള്ള അടയാളങ്ങളുണ്ടെങ്കിൽ കണ്ടെത്തി ആരോഗ്യവകുപ്പിനെ അറിയിക്കും. 
ഡോക്ടർമാർ ഇവ പരിശോധിച്ച് രോഗനിർണയം നടത്തും. സൗജന്യമായ ചികിത്സ നൽകി രോഗനിവാരണമാണ്‌ ലക്ഷ്യം. നവംബർ 10നകം മുഴുവൻ പേരുടെയും പരിശോധന പൂർത്തിയാക്കും. രോഗം നിർണയിക്കപ്പെടുന്നവരുടെ വിവരം പരസ്യമാക്കില്ല. ജില്ലയിൽ കണ്ടുപിടിക്കുന്ന രോഗികളിൽ 15 ശതമാനത്തോളം 14 വയസിൽ താഴെയുള്ളവരാണ്. 
ഇതിൽ പകുതിയിലേറെയും മറ്റുള്ളവരിലേക്ക് രോഗം പകരാൻ ഇടയാക്കുന്ന അധികരോഗബാധിതരും അംഗവൈകല്യ സാധ്യതയുള്ളവരുമാണ്. കുട്ടികളിലെ രോഗ നിരക്ക് മുതിർന്നവരിൽ രോഗം ഒളിഞ്ഞുനിൽക്കുന്നുണ്ട് എന്ന സൂചകമാണ്.
വിദ്യാർഥികളിൽ രോഗത്തെക്കുറിച്ച് അവബോധം നൽകി ലക്ഷണങ്ങൾ കണ്ടെത്താൻ പ്രാപ്തരാക്കും. സ്‌കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ആർബിഎസ്‌കെ നഴ്സുമാരുടെ പൂർണ സഹായവുമുണ്ടാകുമെന്ന് ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ പി അഹമ്മദ് അഫ്സൽ യോഗത്തിൽ അറിയിച്ചു. അസി. ലെപ്രസി ഓഫീസർമാരായ തമ്പി പാറയിൽ, വി കെ അബ്ദുൽ സത്താർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top