20 April Saturday

നിലമ്പൂർ കോൺഗ്രസ്‌ ഓഫീസിലെ രാധയുടെ കൊലപാതകം; സർക്കാരിന്റെ അപ്പീൽ 10ന്‌ പരിഗണിച്ചേക്കും

സ്വന്തം ലേഖകൻUpdated: Friday Oct 7, 2022
നിലമ്പൂർ > കോൺഗ്രസ്‌ ഓഫീസിൽ തൂപ്പുകാരിയായിരുന്ന ചിറക്കൽ രാധ കൊല്ലപ്പെട്ട കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിച്ചേക്കും. പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീൻ എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞദിവസമാണ്‌ സർക്കാർ അപ്പീൽ നൽകിയത്. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്‌തിരിക്കുന്നത്.
 
കേസിൽ 2015 ഫെബ്രുവരി 12ന് മഞ്ചേരി സെഷൻസ്‌ കോടതി ഇരുവർക്കും ജീവപര്യന്തം കഠിന തടവ്‌ വിധിച്ചിരുന്നു. പിന്നീട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. 2021  മാർച്ച് 31ന് പ്രതികളെ വെറുതെ വിടുകയായിരുന്നു. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളെയും സാഹചര്യ തെളിവുകളെയും ഹൈക്കോടതി ശരിയായ രീതിയിൽ വിലയിരുത്തിയില്ലെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. രണ്ടാംപ്രതിയുടെ വീട്ടിൽനിന്ന് രാധയുടെ ആഭരണങ്ങൾ കണ്ടെത്തിയതടക്കം കാര്യങ്ങൾ ഹൈക്കോടതി കണക്കിലെടുത്തില്ല. ഒന്നാംപ്രതി ബിജുവിന്റെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവരാതിരിക്കാനാണ് രാധയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്നും അപ്പീലിൽ പറയുന്നു.
 
2014 ഫെബ്രുവരി അഞ്ചിന്‌ കാണാതായ ചിറക്കൽ രാധയുടെ മൃതദേഹം 10ന് ചുള്ളിയോട്‌ ഉണ്ണികുളത്തെ കോൺഗ്രസ് നേതാവിന്റെ പറമ്പിലെ കുളത്തിൽ ചാക്കിൽ കെട്ടിയനിലയിൽ കണ്ടെത്തുകയായിരുന്നു.  12 വർഷം കോൺഗ്രസ്‌ നിലമ്പൂർ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസിലെയും ആര്യാടൻ ഷൗക്കത്തിന്റെയും  ബന്ധു ആര്യാടൻ ആസാദിന്റെയും ഓഫീസുകളിലെ തൂപ്പുജോലിക്കാരിയായിരുന്നു രാധ. മൃതദേഹം കണ്ടെത്തിയ ഉടൻതന്നെ ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫ്‌ അംഗം ബിജു, സുഹൃത്ത്‌ ഷംസുദ്ദീൻ എന്നിവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ബിജുവിന്റെ അവിഹിതബന്ധം അറിയാമായിരുന്ന രാധ അത്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് രാധയെ പ്രതികൾ കൊലപ്പെടുത്തി എന്നായിരുന്നു അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ. 
 
‘സർക്കാർ ഒപ്പമുണ്ടെന്ന്‌ മനസ്സിലായി’
 
‘സഹോദരി രാധയുടെ കൊലപാതക കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടണം. സംസ്ഥാന സർക്കാർ ഞങ്ങളുടെ കുടുംബത്തിനൊപ്പമുണ്ടെന്ന്‌ മനസ്സിലായി. ഈ സർക്കാരിൽ വിശ്വാസമുണ്ട്. എന്റെ പെങ്ങളെ കൊന്ന ഒരാളുപോലും രക്ഷപ്പെടരുത്’–-  ചിറക്കൽ രാധയുടെ സഹോദരൻ ഭാസ്‌കരൻ പ്രതികരിച്ചു.
 
കേസ് അട്ടിമറിക്കുന്നതിനെതിരെ പലതവണ പരാതി നൽകിയിട്ടും യുഡിഎഫ് സർക്കാർ കേസിൽ വലിയ ഗൗരവം കാണിച്ചില്ല. എൽഡിഎഫ് സർക്കാർ വന്നപ്പോഴാണ്‌ ഇതിന്‌  മാറ്റമുണ്ടായത്‌. കേസ് തേച്ചുമായ്‌ച്ചുകളയാനാണ് യുഡിഎഫ്‌ കാലത്തെ അന്വേഷക സംഘം ശ്രമിച്ചത്. അതാണ്‌ പ്രതികളെ വെറുതെ വിടാൻ കാരണമായത്‌ - ഭാസ്‌കരൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top