20 April Saturday

കാടിന്റെ മക്കളുടെ അമ്മിണി ടീച്ചര്‍ പടിയിറങ്ങി

സ്വന്തം ലേഖകൻUpdated: Thursday Jul 7, 2022

അമ്മിണി ടീച്ചര്‍ക്ക് ഐറ്റിഡിപി ഓഫീസില്‍ നല്‍കിയ യാത്രയപ്പില്‍ പ്രൊജക്ട് ഓഫീസര്‍ കെ ശ്രീരേഖയും ജീവനക്കാരും ചേര്‍ന്ന് ഉപഹാരം നല്‍കുന്നു

 
നിലമ്പൂർ
കാടിന്റെ മക്കളുടെ പ്രിയപ്പെട്ട അമ്മിണി ടീച്ചർ 40 വർഷത്തെ അധ്യാപന സേവനത്തിനു‌ശേഷം പടിയിറങ്ങി. വഴിക്കടവ് പഞ്ചായത്തിലെ ഉൾവനത്തിലുള്ള ​ആദിവാസി കോളനിയിൽ പുഞ്ചക്കൊല്ലി ബാലവിജ്ഞാന കേന്ദ്രത്തിൽ 1982 ജൂൺ ഒന്നിനാണ് അമ്മിണി  അധ്യാപികയായി എത്തിയത്. ഏറെ പിന്നോക്കംനിൽക്കുന്ന കാട്ടുനായ്ക്ക, ചോലനായ്ക്ക കുടുംബങ്ങളിലെ കുട്ടികളെ പഠിപ്പിക്കലായിരുന്നു ജോലി. 
ലിപിയില്ലാത്ത ഭാഷ സംസാരിച്ചവരെ മലയാളം വായിക്കാനും സംസാരിക്കാനും പഠിപ്പിച്ചത് അമ്മിണി ടീച്ചറായിരുന്നു. നിലമ്പൂർ മണലൊടിയിലെ വീട്ടിൽനിന്ന്‌ പുലർച്ചെ ആറിന്‌ യാത്ര തുടങ്ങും. വഴിക്കടവിലെത്തി പുഴ കടന്ന്, ആറ് കിലോമീറ്ററോളം കൊടുംവനത്തിലൂടെ ഒന്നര മണിക്കൂർ പിന്നിട്ടാണ്‌ എത്തുക. കാടിനുള്ളിലെ  ബാലവിജ്ഞാന കേന്ദ്രത്തിൽ പകൽ മുഴുവൻ കുട്ടികളോടൊപ്പം‌. ഉച്ചഭക്ഷണമൊരുക്കി, കുട്ടികളെ പഠിപ്പിച്ച്, വൈകിട്ട് മലയിറങ്ങും. 
വീണ്ടും ആറ് കിലോമീറ്റർ വന്യമൃഗങ്ങൾക്ക് ഇടയിലൂടെ മടക്കം. ഇങ്ങനെ 40 വർഷം പിന്നിട്ടാണ്‌  75–-ാം വയസിൽ അമ്മിണി ടീച്ചർ കാടിനോടും കാടിന്റെ മക്കളോടും വിടപറയുന്നത്‌. കോളനിവാസികളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിനായി ജീവിതത്തിന്റെ പകുതിയോളം  നീക്കിവച്ചാണ് അമ്മിണി പടിയിറങ്ങുന്നത്. 
തയ്യൽത്തൊഴിലാളി കാരിപ്പറമ്പൻ വീട്ടിൽ കുമാരനാണ്‌ ഭർത്താവ്‌. നിലമ്പൂർ ഐടിഡിപി ഓഫീസും ഓഫീസിനുകീഴിലെ സ്ഥാപനങ്ങളിലെ മുഴുവൻ ഓഫീസർമാരും ജീവനക്കാരും ചേർന്ന് അമ്മിണി ടീച്ചർ‌ക്ക് യാത്രയയപ്പ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top