11 May Saturday
മണ്ണെണ്ണ വിലകൂട്ടി കേന്ദ്രം

ജീവിതം ഉലഞ്ഞ്‌ മത്സ്യത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

 കേന്ദ്ര സർക്കാർ മണ്ണണ്ണ വില വർധിപ്പിച്ചതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ഉലയുകയാണ്‌. പൊതുവിപണിയിൽ 142 രൂപയാണ്. സിവിൽ സപ്ലൈസ് വഴി സബ്സിഡിയോടെ 102 രൂപക്കാണ് നൽകുന്നത്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്ന 2014ൽ ലിറ്ററിന്‌ 52 രൂപയായിരുന്നു.  ഇപ്പോൾ 143 ആയി. 

    ഏഴു മാസത്തിനുള്ളിൽമാത്രം 50 രൂപയാണ് കേന്ദ്രം വർധിപ്പിച്ചത്. മണ്ണണ്ണയ്‌ക്കൊപ്പം ഓയിലും ചേർത്താണ് എൻജിൻ പ്രവർത്തിപ്പിക്കുന്നത്. ഒരുമണിക്കൂർ എൻജിൻ പ്രവർത്തിപ്പിക്കാൻ ഏഴുലിറ്റർ മണ്ണെണ്ണ വേണം. ദിവസം 200 ലിറ്റർ വേണം. ഒരുവർഷത്തിനിടയിലുണ്ടായ വില വർധനവിൽ ദിവസം 15,000 രൂപയുടെ അധിക ചെലവാണ്‌ മത്സ്യത്തൊഴിലാളികൾക്കുണ്ടായത്‌. 
   മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും പ്രതികരിക്കുന്നു:
 
പൊതുസമൂഹം ഇടപെടണം 
മത്സ്യത്തൊഴിലാളികൾക്ക്‌ ഇരുട്ടടിയാണ്‌ കേന്ദ്രം ഇടയ്‌ക്കിടെ മണ്ണെണ്ണ വില വർധിപ്പിക്കുന്നത്. വർഷങ്ങൾക്കുമുമ്പ്‌ ഒരുമാസം മീൻപിടിക്കാൻ ആവശ്യമായ മണ്ണെണ്ണ  ലഭിക്കുമായിരുന്നു. ഇന്ന്‌ ഒരുദിവസത്തേക്കുപോലും തികയുന്നില്ല. വിലകൂട്ടിയും ക്വോട്ട വെട്ടിക്കുറച്ചും ഞങ്ങളെ ആത്മഹത്യയിലേക്ക്‌ തള്ളിവിടുകയാണ്‌.  30 പേർ മീൻപിടിക്കാൻ പോകുന്ന ചെറുവള്ളങ്ങൾ ഇന്ധനമായി ഉപയോഗിക്കുന്നത് മണ്ണെണ്ണയാണ്. ദിവസം 5000 രൂപ ചെലവുവേണ്ടിയിരുന്ന വള്ളങ്ങൾക്ക്‌ ഇപ്പോൾ അരലക്ഷം രൂപ വേണം. മത്സ്യലഭ്യത കുറഞ്ഞതോടെ കുടുംബങ്ങൾ പട്ടിണിയിലാണ്‌. പൊതുസമൂഹം പ്രതികരിക്കണം. 
–- ഈച്ചരൻ അസ്കർ, 
ഒട്ടുമ്മൽ കടപ്പുറം, പരപ്പനങ്ങാടി.
 
കുടുംബത്തിന്റെ താളംതെറ്റി
മണ്ണെണ്ണ വില വർധനവിൽ കുടുംബത്തിന്റെ താളംതെറ്റി. മകൻ ഹുസൈനാർ കടലിൽ പോയി കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. വില വർധനവും മത്സ്യലഭ്യത കുറവും കുടുംബത്തിന്റെ നടുവൊടിച്ചു. ഇതിനിടയിലാണ് കടൽക്ഷോഭവും.  ജീവിക്കാൻ പ്രയാസപ്പെടുകയാണ്‌. 
–- കുഞ്ഞിമാക്കാനകത്ത് 
ആയിഷുമ്മ, പൊന്നാനി 
 
ഞങ്ങളെ പട്ടിണിയാക്കുന്നു
ഞങ്ങളെ പട്ടിണിയിലാക്കുകയാണ്‌ കേന്ദ്രസർക്കാർ. റേഷൻ മണ്ണെണ്ണ മൂന്നുദിവസത്തേക്ക് തികയും. കരിഞ്ചന്തയിൽ 125 മുതൽ 140 രൂപവരെ കൊടുത്താണ്‌ മണ്ണെണ്ണ വാങ്ങുന്നത്‌. ഇതുകൊണ്ട്‌ എങ്ങനെ ജീവിക്കും. മത്സ്യലഭ്യത കുറയുന്നതും ചെറിയ മത്സ്യങ്ങളെയാണ്‌ കിട്ടുന്നത്‌ എന്നതും ഞങ്ങളെ ദുരിതത്തിലാക്കി. 
–- താജുദ്ദീൻ പടിഞ്ഞാറെക്കര, 
മത്സ്യത്തൊഴിലാളി 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top