16 April Tuesday
ഫയൽ തീർപ്പാക്കൽ യജ്ഞം സെപ്‌തംബർ 30 വരെ

10,040 ഫയലുകളിൽ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
 
മലപ്പുറം 
കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്നുമാസത്തിനകം തീർപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമുള്ള ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം പുരോഗമിക്കുന്നു. ജൂൺ 15ന് ആരംഭിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ ജില്ലയിൽ 10,040 ഫയലുകൾ തീർപ്പാക്കി. ഫയൽ തീർപ്പാക്കാൻ കഴിഞ്ഞ ഞായറാഴ്‌ച ജീവനക്കാർ അവധി ഉപേക്ഷിച്ച്‌ ജോലിചെയ്‌തിരുന്നു. 
മലപ്പുറം കലക്ടറേറ്റിലാണ് കൂടുതൽ ഫയലുകൾ തീർപ്പാക്കിയത്–- 6735. ഏറനാട് താലൂക്കിൽ 1755, പെരിന്തൽമണ്ണ 967, പൊന്നാനി 110, തിരൂർ 23, തിരൂരങ്ങാടി 47, മഞ്ചേരി ഏഴ്, നിലമ്പൂർ ആറ്‌, കൊണ്ടോട്ടി നാല് എന്നിങ്ങനെ ഫയലുകൾ തീർപ്പാക്കി. തിരൂർ ആർഡിഒയിൽ 297 ഉം പെരിന്തൽമണ്ണ ആർഡിഒയിൽ 89 ഉം ഫയലുകൾ തീർപ്പാക്കി. 
ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാന്റെയും കലക്ടർ വി ആർ പ്രേംകുമാറിന്റെയും  നേതൃത്വത്തിൽ ആക്‌ഷൻ പ്ലാൻ തയ്യാറാക്കിയാണ്‌ ജില്ലയിലെ പ്രവർത്തനം.  സെപ്തംബർ 30 വരെയാണ് തീവ്രയജ്ഞ പരിപാടി. വില്ലേജ്‌ തലത്തിൽ അദാലത്തുകൾ ആരംഭിച്ചിട്ടുണ്ട്‌. 15ന്‌ സമാപിക്കും. 18 മുതൽ 23 വരെ താലൂക്കുകളിലും 25ന് ആർഡിഒ തലത്തിലും അദാലത്ത്‌ നടത്തും. ആഗസ്‌ത്‌ മൂന്നിനാണ്‌ കലക്ടറേറ്റിൽ ജില്ലാതല അദാലത്ത്‌. വകുപ്പ് തലത്തിലും ജില്ലാതലത്തിലും പ്രത്യേക യോഗങ്ങൾ നടത്തി  പുരോഗതി ഘട്ടം ഘട്ടമായി വിലയിരുത്തുന്നുണ്ട്‌. ചീഫ് സെക്രട്ടറിക്കാണ് ഉദ്യോഗസ്ഥതലത്തിലുള്ള പൊതുവായ മേൽനോട്ടച്ചുമതല. ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ഓരോ മാസവും മന്ത്രിസഭ ചർച്ചചെയ്യും. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം അവസാനിച്ചശേഷം ഒക്ടോബർ പത്തിനകം ഓരോ വകുപ്പിലെയും പുരോഗതി പ്രസിദ്ധപ്പെടുത്തും. ആകെയുള്ള വിശദവിവരം ഒക്ടോബർ 15നകം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രസിദ്ധീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top