20 April Saturday
കൃഷിവകുപ്പിന്റെ ജാഥ തുടങ്ങി

കർഷകർക്ക്‌ കരുതലായി ഇൻഷുറൻസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
 
മലപ്പുറം
കേന്ദ്രകൃഷി മന്ത്രാലയവും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രികൾച്ചർ ഇൻഷുറൻസും ചേർന്നു നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയായ ഖാരിഫിന്റെ പ്രചാരണം ജില്ലയിൽ ആരംഭിച്ചു. 
കാലവർഷത്തിൽ കാർഷികവിളകൾക്ക്‌ നാശമുണ്ടാകുന്നതിനാൽ മുഴുവൻ കർഷകരെയും പദ്ധതിയുടെ ഭാഗമാക്കാനാണ് കൃഷിവകുപ്പിന്റെ ശ്രമം. കൃഷിവകുപ്പിന്റെ വാഹനജാഥ കൃഷി അസി. ഡയറക്ടർ കെ കെ ബിന്ദു ഫ്ലാഗ് ഓഫ്  ചെയ്തു. അഗ്രികൾച്ചർ ഓഫീസർ ആർ വിനോദ്കുമാർ, അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ജില്ലാ കോ–-ഓർഡിനേറ്റർ സി പി ശ്രീജ, അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ജില്ലാ സൂപ്പർവൈസർ ടി വി ഷിജു, പി പി സയ്യിദ് ഫസൽ എന്നിവർ പങ്കെടുത്തു.
സംസ്ഥാന വിള ഇൻഷൂറൻസ് പദ്ധതി, പ്രധാനമന്ത്രി ഫസൽ ഭീമയോജന (പിഎംഎഫ്ബിവൈ), ആർഡബ്ല്യുബിസിഐഎസ് എന്നിവ വഴിയാണ് വിള ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുന്നത്. നെല്ല്, വാഴ, മരച്ചീനി, കുരുമുളക്, മഞ്ഞൾ, കവുങ്ങ്, പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവക്കാണ്‌ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തിയായ കാറ്റ് എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക്‌  വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.  പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾ നൽകും. വിളയുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്‌ഷൻ റിപ്പോർട്ട് പ്രകാരമാണ് നഷ്ടപരിഹാരം നിർണയിക്കുക. വിള നഷ്ടമുണ്ടായാൽ അക്കാര്യം മൂന്നുദിവസത്തിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കണം. പദ്ധതിയിൽ ചേരാൻ കർഷകർ ആധാർ, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടകരാർ എന്നിവയുടെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിജ്ഞാപിത വിളകൾക്കാണ് ആനുകൂല്യം നൽകുക. വിശദവിവരങ്ങൾ  www.pmfby.gov.in, കൃഷിഭവൻ, അഗ്രികൾച്ചർ ഇൻഷൂറൻസ് സ്ഥാപനത്തിന്റെ റീജണൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top