29 March Friday
ട്രോളിങ്‌ നിരോധം 9ന്‌ അർധരാത്രിമുതൽ

തീരത്ത് ഇനി കാത്തിരിപ്പ്‌ കാലം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

പൊന്നാനി ഹാർബറിൽ നങ്കൂരമിട്ട ബോട്ടുകൾ

പൊന്നാനി
52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിങ്‌ നിരോധത്തിന്‌ ഒമ്പതിന്‌ അർധരാത്രി തുടക്കമാവും. ജൂലൈ 31 അർധരാത്രി വരെയാണ് നിരോധം. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുൾപ്പെടെ മുഴുവൻ ബോട്ടുകളും ഒമ്പതിന്‌ രാത്രിയോടെ തീരത്തടുപ്പിക്കാൻ ഫിഷറീസ് നിർദേശം നൽകി. ടോളിങ്‌ നിരോധ കാലം ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്താനാണ്‌ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്‌. വലയുടെ കേടുപാടുകൾ തീർക്കാനും യന്ത്രങ്ങൾ നന്നാക്കാനും വലിയ തുകതന്നെ ഈ കാലത്ത്‌ ചെലവഴിക്കേണ്ടിവരും. 
നിയമം ലംഘിച്ചാൽ ബോട്ടുകൾ 
പിടിച്ചെടുക്കും
ട്രോളിങ് നിരോധം ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കാൻ ഫിഷറീസ് വകുപ്പ് സജ്ജമായി. കടലിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കാനുള്ള നിയന്ത്രണങ്ങൾ നല്ല നിലയിൽ നടപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ പറഞ്ഞു. പട്രോളിങ്‌ ശക്തമാക്കും. ഇതിനായി താനൂരും പൊന്നാനിയിലും ഓരോ ബോട്ടുകളിൽ പരിശോധന നടത്തും. രണ്ട് ബോട്ടും ഒരു ഫൈബർ വള്ളവും 14 റസ്‌ക്യൂ ഗാർഡുമാരെയും സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം 15മുതൽ പ്രവർത്തനം തുടങ്ങി.
ട്രോളിങ്‌ നിരോധം തുടങ്ങുന്ന ദിവസംമുതൽ ഇതരസംസ്ഥാന ബോട്ടുകൾ അതത് ജില്ലകൾ വിട്ട് പോകണം. മത്സ്യഫെഡിന്റെ ഓയിൽ പമ്പുകൾ അടച്ചുപൂട്ടണം. രണ്ട് തോണികൾ ഉപയോഗിച്ചുള്ള ബുൾ ട്രോളിങ്‌, പെയർ ട്രോളിങ്‌ എന്നിവയിലെ ചെറു മത്സ്യങ്ങളെ പിടിക്കൽ എന്നിവ കർശനമായി നിരോധിച്ചതായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ അറിയിച്ചു. 
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കെഎംഎഫ്ആർ ആക്ട് പ്രകാരം ബോട്ടുകൾ പിടിച്ചെടുത്ത് പിഴ ചുമത്തും. മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പൊലീസ്, ലോക്കൽ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെയും സഹായമുണ്ടാകും. ട്രോളിങ് നിരോധന കാലയളവിൽ കടലിൽ പോകുന്ന ചെറുവള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ജീവൻരക്ഷാ ഉപകരണങ്ങൾ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചുവരികയാണ്. കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഫോൺ: 0494- 2667428.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top