18 April Thursday

മഴക്കാലമെത്തി; ആരോഗ്യം ശ്രദ്ധിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

 മലപ്പുറം

മഴക്കാലമെത്തിയ സാഹചര്യത്തിൽ ജലജന്യരോഗങ്ങൾ ശ്രദ്ധിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ നിർദേശം. മലിനജലത്തിലൂടെ പടരുന്ന വയറിളക്ക രോഗങ്ങൾ, കോളറ, മഞ്ഞപ്പിത്തം,  ടൈഫോയ്‌ഡ്‌ തുടങ്ങിയവക്കെതിരെ ജാഗ്രതവേണം. ആഹാര, കുടിവെള്ള ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയിലൂടെയേ ജലജന്യ രോഗങ്ങളെ തടയാനാകൂ. ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും പഴകിയതും മലിനമായതും ഒഴിവാക്കുകയും വേണം. പഴങ്ങളും പച്ചക്കറിയും കഴുകി മാത്രം ഉപയോഗിക്കണം. കിണർ വെള്ളം മലിനമാകാതെ സൂക്ഷിക്കണം.
തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കണമെന്നും വീടിന്റെ പരിസരങ്ങളിൽ ചപ്പുചവറുകൾ കുന്നൂകൂടന്നത്‌ തടയണം. ഈച്ചശല്യം ഒഴിവാക്കണമെന്നും കന്നുകാലി തൊഴുത്തുകൾ വീട്ടിൽനിന്നും കഴിവതും അകലെയായിരിക്കണമെന്നും ജലവിതരണ പൈപ്പുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നും ആരോഗ്യവകുപ്പ്‌ നിർദേശിക്കുന്നു. കുഞ്ഞുങ്ങളിൽ രോഗം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധവേണം. 
തടയാം 
എലിപ്പനി
എലിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടാവുന്നതായി ആരോഗ്യ വകുപ്പ്‌ പറയുന്നു. എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രത്തിലൂടെയാണ്‌ രോഗം പടരുന്നത്‌. വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്‌, വെള്ളക്കെട്ടുകൾ, തൊഴുത്ത്‌ തുടങ്ങിയവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിലാണ്‌ രോഗം കൂടുതലായി കാണുന്നത്‌. കൈകാലുകളിലും മറ്റും മുറിവുണ്ടെങ്കിൽ ഇത്തരം ജോലികൾ ഒഴിവാക്കണം. ഡോക്‌സി സൈക്ലിൻ പ്രതിരോധ മരുന്ന്‌ കഴിക്കണം. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമുണ്ടെങ്കിൽ ചികിത്സ തേടണം.
ഡെങ്കിയും 
കൂടുന്നു
മലയോര മേഖലയിൽ ഉൾപ്പെടെ ഡെങ്കി വ്യാപനം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. നൂറിനടുത്ത്‌ കേസുകളാണ്‌ ഇതിനകം റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്‌. കരുവാരക്കുണ്ട്‌ ഉൾപ്പെടെ മേഖലകളിലാണ്‌ രോഗം കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്നത്‌. കൊതുക്‌ നശീകരണം ഉറപ്പാക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ നിർദേശമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top