28 March Thursday

കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റിലേക്ക് 6 പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റിലേക്ക് സർക്കാർ പ്രതിനിധികളായി ആറുപേരെ നാമനിർദേശംചെയ്തു. അഡ്വ. പി കെ ഖലിമുദ്ദീൻ, അഡ്വ. എൽ ജി ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. ടി വസുമതി, ഡോ. പി പി പ്രദ്യുമ്‌നൻ, ഡോ. റിച്ചാർഡ് സക്കറിയ എന്നിവരെയാണ് സെനറ്റിലേക്കും സിൻഡിക്കറ്റിലേക്കും നാമനിർദേശംചെയ്തത്. 
സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗമായ പി കെ ഖലിമുദ്ദീൻ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗവുമാണ്‌. ഫിഷറീസ്‌ സർവകലാശാല (കുഫോസ്) സെനറ്റംഗവും കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയംഗവുമാണ്. അഡ്വ. എൽ ജി ലിജീഷ് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ പ്രസിഡന്റുമാണ്. കൊയിലാണ്ടി കോടതിയിൽ അഭിഭാഷകനാണ്. 
27 വർഷം തൃശൂർ കേരളവർമ കോളേജിൽ മലയാളം അധ്യാപകനായിരുന്ന ഡോ. കാവുമ്പായി ബാലകൃഷ്ണൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം തൃശൂരിലാണ് താമസം. കലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസ പഠനവിഭാഗത്തിൽ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌  ഡോ. ടി വസുമതി. മുൻ സെനറ്റംഗവും നിലവിൽ അസോസിയേഷൻ ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് പ്രസിഡന്റുമാണ്. എസ്‌സിഇആർടി സ്റ്റിയറിങ്‌ കമ്മിറ്റിയംഗം, സ്കോൾ കേരള ജനറൽ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 
കലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് പഠന വിഭാഗത്തിൽ സീനിയർ പ്രൊഫസറാണ് ഡോ. പി പി  പ്രദ്യുമ്നൻ. നൂറിലധികം അന്താരാഷ്ട്ര പ്രബന്ധങ്ങളുടെ രചയിതാവായ ഇദ്ദേഹത്തിന്  നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ദേശീയ–-അന്തർദേശീയ പ്രസാധകർ ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ജപ്പാനിലെ ടോക്യോ സർവകലാശാലയിൽ വിസിറ്റിങ്‌ റിസർച്ചറായിരുന്നു. ചിറ്റൂർ ഗവ. കോളേജിലെ ജിയോഗ്രഫി പഠന വിഭാഗം അസി. പ്രൊഫസറാണ് ഡോ. റിച്ചാർഡ് സക്കറിയ. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ്‌ അതോറിറ്റി വിദഗ്‌ധ അംഗവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top