29 March Friday
കലിക്കറ്റ്‌ സിൻഡിക്കറ്റ്‌

ചരിത്രംകുറിച്ച്‌ പടിയിറക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023
തേഞ്ഞിപ്പലം 
കാലാവധി പൂർത്തീകരിച്ച് കലിക്കറ്റ് സർവകലാശാലാ ഇടതുപക്ഷ സിൻഡിക്കറ്റ്‌ പടിയിറങ്ങുന്നത് അക്കാദമിക മുന്നേറ്റത്തിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പുതുചരിത്രം രചിച്ച്. എൽഡിഎഫ് സർക്കാറിന്റെ  നയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ച സിൻഡിക്കറ്റിന്‌ സർവകലാശാലയെ എ പ്ലസ് നേട്ടത്തിലേക്ക് ഉയർത്താനായി. 
സർവകലാശാലയെ വിദ്യാർഥി സൗഹൃദമാക്കുന്നതിനായി മുന്നിട്ടിറങ്ങിയ സിൻഡിക്കറ്റ്‌ പരീക്ഷാരംഗത്ത് നടപ്പാക്കിയ പരിഷ്‌കാരങ്ങൾ പ്രശംസയേറ്റുവാങ്ങി. ബാർ കോഡിങ് സംവിധാനത്തിലൂടെ പരീക്ഷാഫലം ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളെടുത്തു. ഉത്തരക്കടലാസുകൾ കാണാതാവുന്നതിന് അറുതിവരുത്തി, "സെന്റർ ഫോർ ഓട്ടോമേഷൻ ആൻഡ്‌ മാനേജ്മെന്റ്‌ സംവിധാനം' ഒരുക്കി. ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതിനുള്ള ഈ ആധുനിക ഡിജിറ്റൽ സംവിധാനം പ്രവർത്തനക്ഷമമായതോടെ പുനർമൂല്യനിർണയവും വേഗത്തിലാകും. ആധുനിക സൗകര്യത്തോടെയുള്ള ഡാറ്റാ സെന്റർ സ്ഥാപിച്ച് സോളാറിൽ പ്രവർത്തിക്കുന്ന തനത് ക്ലൗഡ് സംവിധാനമൊരുക്കി. ഇതോടെ  സർവർ തകരാറുകൾക്ക് പരിഹാരമായി. ഒട്ടേറെ മികച്ച കെട്ടിടങ്ങളാണ് ഇക്കാലത്ത് ഒരുങ്ങിയത്. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ മുഖേന എല്ലാ വിഭാഗങ്ങളെയും ബന്ധപ്പെടുത്തി നെറ്റ് വർക്ക് സംവിധാനം വിപുലപ്പെടുത്തി. കോൾ സെന്ററായ "സുവേഗ'യും  സർവകലാശാലയുടെ സ്വന്തം "സിയു റേഡിയോ'യും സിൻഡിക്കറ്റിന്റെ നേട്ടങ്ങൾ തന്നെ. ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളുൾപ്പെടെ ഒട്ടേറെ ന്യൂ ജനറേഷൻ കോഴ്സുകളാണ് ആരംഭിച്ചത്. ചിതലയത്തെ ഐടിഎസ്ആർ വികസനത്തിനും മുൻഗണന നൽകി. വിദ്യാർഥികൾക്ക് അധ്യാപകരെ വിലയിരുത്തുന്നതിനുള്ള സംവിധാനം ഒരുക്കിയതും ശ്രദ്ധേയമായി. സർട്ടിഫിക്കറ്റുകൾക്ക് ഡിജി ലോക്കർ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സർവകലാശാലയെ ഭിന്നശേഷി - ട്രാൻസ്ജെൻഡർ സൗഹൃദമാക്കുന്നതിനും അഭിനന്ദനീയമായ ചുവടുവയ്‌പുകളാണ് നടത്തിയത്. സ്പോർട്സ് രംഗത്ത് സർവകലാശാലയെ ഉന്നതിയിലേക്കെത്തിച്ചു. നിരവധി ദേശീയ കിരീടങ്ങളാണ്  നേടിയത്‌.  അന്താരാഷ്ട്ര നിലവാരമുള്ള അക്വാറ്റിക് കോംപ്ലക്സ് നേട്ടങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. മഴവെള്ള സംഭരണത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികളും പ്ലെയ്‌സ്‌മെന്റ്‌ പ്രവർത്തനങ്ങൾ വിപുലീകരിച്ചതും ഇക്കാലത്താണ്. വൈസ് ചാൻസലർ ഡോ. എം കെ ജയരാജിന്റെ  പിന്തുണയോടെ പ്രൊഫ. എം എം നാരായണന്റെയും കെ കെ ഹനീഫയുടെയും നേതൃത്വത്തിൽ പ്രവർത്തിച്ച സിൻഡിക്കറ്റിന്റെ പ്രവർത്തനം  ചരിത്രത്തിലെ  മികവുറ്റ ഏടായിമാറുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top