17 April Wednesday

ബിജെപിയുടേത്‌ സ്‌ത്രീവിരുദ്ധ നയം: പി കെ ശ്രീമതി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതിക്ക്‌ നൽകിയ സ്വീകരണം

മലപ്പുറം
രാജ്യത്ത്‌ സ്‌ത്രീവിരുദ്ധ നയം നടപ്പാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതി. മലപ്പുറത്ത്‌ മഹിളാ അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. ആർഎസ്‌എസിന്റെ നയവും മനുവിന്റെ സിദ്ധാന്തവുമാണ്‌ കേന്ദ്രം ഭരിക്കുന്നവർ മുന്നോട്ടുവയ്‌ക്കുന്നത്‌. സ്‌ത്രീകൾക്കുനേരെയുള്ള  ആക്രമണങ്ങൾക്കെതിരെ ഒരു വാക്കു പറയാൻപോലും പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കാനുള്ള വ്യഗ്രതയിലാണ്‌ അവർ. ന്യൂനപക്ഷ സ്‌കോളർഷിപ്പുകളും ഫെലോഷിപ്പുകളും ആനുകൂല്യങ്ങളും ഇല്ലാതാക്കി. കോർപറേറ്റുകൾക്കുവേണ്ടിയുള്ള ഭരണമാണ്‌ നടത്തുന്നത്‌.  അദാനിയുടെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നപ്പോൾ നരേന്ദ്ര മോദിയും കൂട്ടരും മൗനത്തിലാണ്‌. അദാനിയാണ്‌ ഇന്ത്യയിലെ സാമ്പത്തിക നായകനെന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമത്തിനാണ്‌ തിരിച്ചടിയേറ്റത്‌. 
കേരളത്തെ സാമ്പത്തികമായി ഞെരിച്ച്‌ ശ്വാസംമുട്ടിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. കേന്ദ്ര ബജറ്റിൽ കേരളം ആവശ്യപ്പെട്ടതൊന്നും നൽകിയില്ല. വിദേശ വായ്‌പയെടുക്കാൻ ശ്രമിച്ചാൽ അതും മുടക്കുന്നു. ഈ സാഹചര്യത്തിലാണ്‌ സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാൻ പെട്രോളിനും ഡീസലിനും സെസ്‌ ഏർപ്പെടുത്തിയത്‌. ഇത്‌ മറച്ചുവച്ചാണ്‌ കോൺഗ്രസിന്റെ സമരം. കേന്ദ്രം വിലകൂട്ടുമ്പോൾ മൗനത്തിലായിരുന്ന കോൺഗ്രസ്‌ കേരളത്തിൽ ബിജെപിയ്‌ക്കുവേണ്ടി പ്രവർത്തിക്കുകയാണ്‌. ഇത്‌ മനസിലാക്കാതെയാണ്‌ മുസ്ലിംലീഗ്‌ അവർക്കൊപ്പം കൂടുന്നത്‌. 
ബിജെപിയുടെ ദുർഭരണം നടക്കുന്നിടത്തൊന്നും ഭാരത്‌ ജോഡോ യാത്ര കടന്നുചെന്നില്ലെന്നത്‌ കോൺഗ്രസിന്റെ മനോഭാവം വ്യക്തമാക്കുന്നുവെന്നും  പി കെ ശ്രീമതി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top