26 April Friday
മഞ്ചേരി നഗരസഭയുടെ അനാസ്ഥ

അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങള്‍ തുറക്കാനായില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
മഞ്ചേരി
സംസ്ഥാന സർക്കാർ അനുവദിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങൾ നഗരസഭയുടെ  അനാസ്ഥ കാരണം തുറക്കാനായില്ല. സർക്കാർ കോടികൾ അനുവദിച്ചിട്ടും നഗരസഭയുടെ പിടിപ്പുകേടു കാരണമാണ് പദ്ധതി എങ്ങുമെത്താതെ പോയത്. 
ആറ് അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങൾ തുടങ്ങാനാണ് സർക്കാർ അനുമതി നൽകിയത്. മംഗലശേരിയിലും പിലാക്കലും ജനുവരിയിൽ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം. കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി 2021–-22 വർഷത്തേക്ക് ആരോഗ്യ ഗ്രാന്റായി 2.66 കോടി രൂപ അനുവദിച്ചിരുന്നു. ഓരോ സെന്ററിനും അടിസ്ഥാന സൗകര്യം ഒരുക്കാൻ ഒരുകോടി, വാടക, കംപ്യൂട്ടർ, ടെലികൺസല്‍ട്ടേഷൻ എന്നീ സംവിധാനങ്ങൾ ഒരുക്കുന്നതിന് 16.4 ലക്ഷം, ഫർണിച്ചര്‍, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് 19.2 ലക്ഷം എന്നിങ്ങനെയും അനുവദിച്ചു. സ്വകാര്യ വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ച് വാടക നിജപ്പെടുത്തി ക്രമക്കേട് നടത്താൻ ശ്രമിച്ചതാണ് തിരിച്ചടിയായത്. കെട്ടിട പരിശോധനയും കൃത്യമായി നടത്തിയില്ല. നഗരത്തിലെ ആയിരക്കണക്കായ സാധാരണക്കാർക്ക് ലഭിക്കേണ്ട ആധുനിക ചികിത്സാ സംവിധാനമാണ് നഗരസഭയുടെ അനാസ്ഥമൂലം ഇല്ലാതാകുന്നത്. 
എൻഎച്ച്എം സംസ്ഥാന മിഷനാണ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് പദ്ധതി ആവിഷ്‌കരിച്ചത്. രോഗപ്രതിരോധ പ്രവർത്തനം, പ്രാഥമിക രോഗചികിത്സാ സൗകര്യം, പാലിയേറ്റീവ് പ്രവർത്തനം, ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സ, കാൻസർ ഡിറ്റക്ഷൻ ക്ലിനിക് തുടങ്ങിയ സൗകര്യങ്ങൾ പുതിയ കേന്ദ്രങ്ങളിലുണ്ടാകും. പകൽ ഒന്നുമുതൽ രാത്രി ഏഴുവരെയാകും  പ്രവർത്തനം. ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം സെന്ററിലുണ്ടാകും. 
മംഗലശേരി നഗരാരോഗ്യ കേന്ദ്രത്തിനുകീഴിൽ ആര്യംപാട്, വീമ്പൂർ, മേലേപറമ്പ് എന്നിവടങ്ങളിലും വേട്ടേക്കോട് കേന്ദ്രത്തിനുകീഴിൽ തോട്ടുപൊയിൽ, പിലാക്കൽ, നെല്ലിക്കുത്ത് മുക്കം എന്നിവിടങ്ങളിലുമാണ് കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top