മലപ്പുറം
ഇറാനി പോളമുതൽ ചട്ടിപ്പത്തിരിവരെ രുചിയൂറും വിഭവങ്ങളുമായി വനിതാ കൂട്ടായ്‌മയെത്തി. കേക്കും പുഡിങ്ങും ബ്രൗണിയും ചിക്കൻ ബിസ്‌കറ്റും കാബിലി റൈസും എല്ലാം വീട്ടിലുണ്ടാക്കിയത്. വിവിധതരം കേക്കുകളും നിരന്നു. മലപ്പുറം ഹോം ബേക്കേഴ്‌സ് അസോസിയേഷൻ രൂപീകരണത്തിന് മുന്നോടിയായാണ് പ്രദർശനം.
വീട്ടിലിരുന്ന് ഓർഡർ അനുസരിച്ച് ഭക്ഷണമുണ്ടാക്കി നൽകുന്ന സ്‌ത്രീകളുടെ കൂട്ടായ്‌മയാണിത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 75ഓളം പേരാണ് പ്രദർശനത്തിനെത്തിയത്. അസോസിയേഷൻ പ്രവർത്തനങ്ങൾ വിവരിക്കാനാണ് പ്രദർശനം.
തുടക്കം
കോവിഡ് കാലത്ത്
അടുക്കളകൾ പരീക്ഷണശാലകളായ കാലം ഓർമയില്ലേ. കോവിഡ് ലോക്‌ഡൗണിൽ വീട്ടിലിരിപ്പിന്റെ വിരസതയകറ്റാൻ പുതുരുചികൾ പരീക്ഷിച്ച കാലം. അവിടെത്തുടങ്ങിയതാണ് കൂട്ടായ്‌മ. ആദ്യം ചുരുങ്ങിയ ആളുകൾമാത്രമാണ് വാട്‌സ്‌ആപ് ഗ്രൂപ്പിലുണ്ടായിരുന്നത്. പതിയെ പതിയെ പുതുരുചി ഒരുക്കാൻ ഇഷ്‌ടപ്പെടുന്നവരെല്ലാം ഇതിന്റെ ഭാഗമായി. പ്രവർത്തനം വിപുലീകരിക്കുക ലക്ഷ്യമിട്ടാണ് അസോസിയേഷൻ രൂപീകരിക്കുന്നതെന്ന് ഗ്രൂപ് അഡ്‌മിൻ സി ആരിഫ പറഞ്ഞു. മഞ്ചേരി സ്വദേശിയായ ആരിഫ റൂണി ഫുഡ്‌സ് എന്ന പേരിലാണ് ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കുന്നത്. തിരൂർ സ്വദേശി ഹുസ്‌ന ഇസ്‌മയിൽ, സുമയ്യ കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടായ്‌മ പ്രവർത്തനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..