19 April Friday

സമൃദ്ധമാകും കോൾനിലം

സ്വന്തം ലേഖകൻUpdated: Thursday Oct 6, 2022

ബിയ്യം കായൽ

ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി യാഥാർഥ്യത്തിലേക്ക്‌

പൊന്നാനി 
പൊന്നാനി കോൾ മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാനുള്ള ഭാരതപ്പുഴ ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി യാഥാർഥ്യത്തിലേക്ക്‌. ഭാരതപ്പുഴയിൽനിന്ന് ചെറുതോട് വഴി പൊന്നാനി കോൾ മേഖലയുമായി ചുറ്റപ്പെട്ട് കിടക്കുന്ന ബിയ്യം കായലിലേക്ക് വെള്ളമെത്തിക്കുന്നതാണ് പദ്ധതി. 24 കോടി രൂപ ചെലവുവരുന്ന പദ്ധതി നിർമാണം വേഗത്തിലാക്കാൻ ജലസേചനം, റവന്യൂ, കൃഷി മന്ത്രിമാരുടെ യോഗം 12ന് സെക്രട്ടറിയറ്റിൽ ചേരും.
സെപ്തംബർ 26ന് പെരുമ്പടപ്പ് ബ്ലോക്കിൽ നടന്ന പൊന്നാനി തൃശൂർ കോൾ വികസന സമിതി യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഇക്കാര്യം ഉറപ്പുനൽകിയിരുന്നു. 
മൂന്നിന് ചേർന്ന കർഷകരുടെ യോഗത്തിലും പദ്ധതി എത്രയും വേഗം യഥാർഥ്യമാക്കുമെന്ന് അറിയിച്ചിരുന്നു. നിലവിൽ ജലസേചനത്തിന്‌ നൂറടിത്തോട് മാത്രമാണ് ആശ്രയം. ലിങ്ക് കനാൽ പദ്ധതി യാഥാർഥ്യമായാൽ പതിറ്റാണ്ടുകളായുള്ള കർഷകരുടെ ആവശ്യമാണ്‌ സഫലമാവുക. പൊന്നാനി നഗരസഭയിലെ ഏറ്റവും നീളം കൂടിയ ചെറുതോട്, ഭാരതപ്പുഴയിൽനിന്ന്‌ ആരംഭിച്ച് കാലടി പഞ്ചായത്തിലൂടെ ഒഴുകി ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജിന്റെ റീസർവോയറിലാണ് അവസാനിക്കുന്നത്. 
ഭാരതപ്പുഴയിൽനിന്ന് ഒരു കിലോമീറ്റർ നീളത്തിൽ ഒരു ഡയാമീറ്റർ വ്യാസമുള്ള പൈപ്പ് അതളൂർ ഭാഗത്തെ ചെറുതോടിലേക്ക് ബന്ധിപ്പിച്ച്‌ ബിയ്യം കായലിലെത്തിക്കും. തോടിന്റെ ആഴം കൂട്ടി ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി കെട്ടും. എഴ്‌ വിസിബികൾ ഇതിനായി നിർമിക്കും. ഏഴായിരം ഏക്കർ വരുന്ന പൊന്നാനി കോൾ മേഖലയ്‌ക്കും ചെറുതോടിന്റെ കരയിലുള്ള എടപ്പാൾ, കാലടി പഞ്ചായത്തുകൾ, പൊന്നാനി നഗരസഭ പരിധിയിലായി 600 ഏക്കറോളം നെൽവയലുകളിലും നെൽകൃഷിയും മറ്റ് അനുബന്ധ ഇടവേള കൃഷികളും ഇതോടെ അഭിവൃദ്ധിപ്പെടും. 
കലണ്ടർ തയ്യാർ 
പൊന്നാനി കോൾ മേഖലയിലെ കർഷകരുടെ പ്രയാസങ്ങൾക്ക്‌ പരിഹാരം കാണാൻ കൃഷി കലണ്ടർ രൂപീകരിച്ചു. റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി തൃശൂർ പൊന്നാനി കോൾ മേഖലക്കനുവദിച്ച 298 കോടിയിൽ 24 കോടിയുടെ പ്രവൃത്തിയാണ് പൊന്നാനിയിൽ പുരോഗമിക്കുന്നത്. ഇവ ഒക്ടോബർ–-നവംബർ മാസത്തോടെ പൂർത്തിയാക്കാൻ  മൂന്നിന് ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരുടെ യോഗവും ചേരും. എംഎൽഎമാരായ പി നന്ദകുമാർ, എൻ കെ അക്ബർ, പെരുമ്പടപ്പ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഇ സിന്ധു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top