മലപ്പുറം
നിർദിഷ്‌ട കോഴിക്കോട്–-പാലക്കാട് ഗ്രീൻഫീൽഡ് പാതക്കായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടൽ തുടങ്ങാനാകാതെ ദേശീയപാതാ അതോറിറ്റി. ആഗസ്‌ത് ആദ്യവാരം കല്ലിടൽ ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും അൽപ്പംകൂടി നീളാനാണ് സാധ്യത. ജില്ലയിൽ പാതക്കായി കണ്ടെത്തിയ ഭാഗങ്ങളിൽ പലയിടത്തും റോഡ് പോലുമില്ലാത്തതാണ് പ്രധാന വെല്ലുവിളി. കുറ്റിക്കാടുകളും മരങ്ങളും നിറഞ്ഞ പ്രദേശവും ഏറെ. അതുകൊണ്ടുതന്നെ കല്ലിടലിന് അത്രവേഗമുണ്ടാവുക പ്രയാസമാണ്.
നിലവിലുള്ള പാതയുടെ ഇരുവശങ്ങളിലുമായാണ് സാധാരണ റോഡ് വികസനമുണ്ടാവുക. ഗ്രീൻഫീൽഡ് പാതയിൽ പലയിടത്തും പുതിയത് നിർമിക്കണം. തുടർച്ചയായ കനത്ത മഴയും കല്ലിടാൻ തടസമാണ്. അടയാളമായി സ്ഥാപിക്കാനുള്ള കല്ല് കൊണ്ടുവരിക, കല്ലിടുന്ന ഭാഗത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ ലഭ്യമാക്കുക തുടങ്ങിയ നടപടികൾ പുരോഗമിക്കുകയാണ്. ത്രി എ വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ കല്ലിടുന്നതിന് മറ്റു തടസങ്ങളില്ല. ദേശീയപാത അതോറിറ്റി (എൻഎച്ച്‌എ) ചുമതലപ്പെടുത്തിയിട്ടുള്ള സ്വകാര്യ ഏജൻസിയാണ് കല്ലുകൾ സ്ഥാപിക്കുക. അവയ്ക്കിടയിലെ സ്ഥലം അളന്നുതിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്ത് എൻഎച്ച്‌എക്ക് കൈമാറേണ്ട ചുമതല റവന്യു വകുപ്പിനാണ്. പാലക്കാട് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്കാണ് ഗ്രീൻഫീൽഡ് പാതയുടെ നിർമാണച്ചുമതല.
കോഴിക്കോട് ജില്ലയിൽ കല്ലിടൽ പൂർത്തിയാക്കി ഫീൽഡ് സർവേ തുടങ്ങി. 6.48 കിലോമീറ്റർമാത്രമാണ് കോഴിക്കോട് ജില്ലയിലുള്ളത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ ഇതുവരെ കല്ലിടൽ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഭാരത് മാല പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന ഗ്രീൻഫീൽഡ് പാതക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 52.96 കിലോമീറ്റർ മലപ്പുറം ജില്ലയിലാണ്. എടത്തനാട്ടുകരമുതൽ വാഴയൂർവരെ 304.59 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ 15 വില്ലേജുകളിലൂടെ പാത കടന്നുപോകും. കൂടുതൽ ദൂരം പാലക്കാടാണ്–- 62.2 കിലോമീറ്റർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..