24 April Wednesday

ഇതാ മലബാറിന്റെ വീരചരിതം

സ്വന്തം ലേഖികUpdated: Monday Dec 5, 2022

ചരിത്രം ചിത്രമായി ദേശാഭിമാനി എൺപതാം വാർഷിക ഭാഗമായി സംഘടിപ്പിക്കുന്ന മലപ്പുറം മഹോത്സവത്തോടനുബന്ധിച്ച് ലളിതകലാ അക്കാദമിയുമായി സഹകരിച്ച്‌ മലപ്പുറം കെഎസ്‌ആർടിസി മതിലിൽ കെ എം നാരായണൻ ചിത്രംവരയ്‌ക്കുന്നു 
(ഫയൽ ചിത്രം)

 
മലപ്പുറം
തിരക്കേറിയ നഗരത്തിന്റെ ചുവരുകളിൽ ചരിത്രം ചിത്രമായി വീണ്ടെടുത്തു. കഴിഞ്ഞകാലം വർണങ്ങളിൽ തെളിഞ്ഞു. ദേശാഭിമാനി എൺപതാം വാർഷിക ഭാഗമായി ലളിതകലാ അക്കാദമിയുമായി ചേർന്ന്‌ സംഘടിപ്പിച്ച സ്‌ട്രീറ്റ്‌ ആർട്‌ നിറംപകർന്ന ഓരോ ചുവരും കാലത്തിന്റെ കഥ പറഞ്ഞുതുടങ്ങി. അവിടെ ജന്മനാടിനായുള്ള പോരാട്ടമുണ്ടായിരുന്നു. സമരസപ്പെടാത്ത ഒരുകൂട്ടം ജനതയുടെ ത്യാഗമുണ്ടായിരുന്നു. നാടിന്റെ പൈതൃകവും പാരമ്പര്യവുമുണ്ടായിരുന്നു.
മലപ്പുറം കെഎസ്‌ആർടിസി ഡിപ്പോയുടെ മതിലിൽ മലബാറിന്റെ പോരാട്ടവും പൈതൃകവും ഒരു ഇഴയിൽ ചേർത്തുവച്ചത്‌ ചിത്രകാരൻ കെ എം നാരായണനാണ്‌. 
ബൂട്ടിനും തോക്കിനും മുന്നിൽ പതറാതെ ധീരമായി മുന്നേറുന്നവർ. അതിർവരമ്പില്ലാത്ത സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും അടയാളങ്ങൾ. ചരിത്രശേഷിപ്പുകൾ. പിന്നെ മാമലകളും തുഞ്ചന്റെ തത്തയും. നാടിന്റെ അകവും പുറവും തന്റെ ചിത്രത്തിൽ കെ എം നാരായണൻ പകർത്തിയിട്ടുണ്ട്‌. 
 ‘വലിയ ചരിത്രം നമ്മുടെ നാടിനുണ്ട്‌. കർഷക പോരാട്ടങ്ങൾ, സ്വാതന്ത്ര്യസമരം, മലബാർ സമരം അങ്ങനെ ഒട്ടേറെ. അതിന്റെ ശേഷിപ്പുകളൊന്നും ഇന്നും മാഞ്ഞിട്ടില്ല. പലയിടങ്ങളിലും നമുക്ക്‌ കാണാൻ കഴിയും. സാംസ്‌കാരിക പൈതൃകത്തിലും ഏറെ സമ്പന്നമാണ്‌ മലപ്പുറം. മതേതരത്വത്തിലും മുന്നിൽത്തന്നെ. ആ വലിയ ക്യാൻവാസിലേക്കുള്ള ചെറുസൂചനകളാണ്‌ എന്റെ ചിത്രം’–- കെ എം നാരായണൻ പറഞ്ഞു. 
പാണ്ടിക്കാട്‌ പൂളമണ്ണ സ്വദേശിയാണ്‌ കെ എം നാരായണൻ. 
30 വർഷം അങ്ങാടിപ്പുറം തരകൻ സ്‌കൂളിൽ ചിത്രകലാധ്യാപകനായിരുന്നു. വിരമിച്ചശേഷം കലാപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top