25 April Thursday

അടിയന്തരാവസ്ഥയെ 
അറബിക്കടലിലെറിഞ്ഞ കാലം സി പ്രജോഷ്‌കുമാർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

മലപ്പുറം

നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചു. സംഘടനാ സ്വാതന്ത്ര്യം വിലക്കി. കോൺഗ്രസ്‌ നേതാക്കൾ പൊലീസിന്റെ ഒറ്റുകാരായി. ഭരണകൂട ഭീകരത അതിന്റെ വിശ്വരൂപം കാട്ടിയിട്ടും കമ്യൂണിസ്‌റ്റുകാർ പതറിയില്ല. അടിയന്തരാവസ്ഥയുടെ കരാളനീതിയെ അവർ ചങ്കുറപ്പോടെ നേരിട്ടു. ജനാധിപത്യവിരുദ്ധ മാർഗത്തിലൂടെ പാർടിക്ക്‌ കൂച്ചുവിലങ്ങിടാൻ ഫാസിസ്‌റ്റ്‌ ഭരണകൂടം നടത്തിയ നെറികേട്‌ ചരിത്രത്തിലെ കറുത്ത അടയാളമായി.  അതിനെ അതിജീവിച്ച ചെങ്കൊടി പ്രസ്ഥാനം കൂടുതൽ ശോഭയോടെ ജ്വലിച്ചു.  1975 ജൂൺ 26നാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. കമ്യൂണിസ്റ്റ്‌ പാർടിയുടെ പ്രവർത്തനം വിലക്കി. പാർടി പ്രവർത്തകരെ പൊലീസ്‌ മൃഗീയമായി വേട്ടയാടി. കച്ചവടസ്ഥാപനങ്ങളിൽ എത്തി അറസ്‌റ്റ്‌ ഭീഷണിമുഴക്കി.  പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ  പൊലീസിന്റെ ഒറ്റുകാരായി. ഇ കെ ഇമ്പിച്ചിബാവ, ഇ രാമൻ നായർ, കെ എൻ മേനോൻ, ആർ രാജപ്പൻ, കെ സെയ്‌തലവി, പി അലി, കെഎസ്‌വൈഎഫ്‌ ജില്ലാ പ്രസിഡന്റ്‌ പി നന്ദകുമാർ, സെക്രട്ടറി വി വി ഗോപിനാഥ്‌ എന്നിവരെ ‘മിസ’ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്‌തു.  വീട്‌ വളഞ്ഞും ഓഫീസ്‌ കൈയേറിയുമാണ്‌ പലരെയും അറസ്‌റ്റ്‌ ചെയ്‌തത്‌. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ്‌ ഇവരെ കൊണ്ടുപോയത്‌. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, എം പി വീരേന്ദ്രകുമാർ,  ഉമ്മർ ബാഫഖി തങ്ങൾ തുടങ്ങിയവരും തടവുകാരായി ഉണ്ടായിരുന്നു. പിണറായിയെ തല്ലിച്ചതച്ചശേഷമാണ്‌ ജയിലിൽ എത്തിച്ചത്‌.  ഒന്നരവർഷംകഴിഞ്ഞ്‌  അടിയന്തരാവസ്ഥ പിൻവലിച്ചശേഷമാണ്‌ എല്ലാവരെയും ജയിൽമോചിതരാക്കിയത്‌. അറസ്‌റ്റ്‌ വാറണ്ട്‌ നിലനിന്നതിനാൽ പാലോളി മുഹമ്മദ്‌കുട്ടി ഒളിവിലിരുന്ന്‌ ജില്ലയിലെ സംഘടനാ സംവിധാനം ചലിപ്പിച്ചു‌.  ജൂലൈ ഒമ്പതിന്‌ മലപ്പുറത്ത്‌ നിരോധം മറികടന്ന്‌ ജില്ലാകമ്മിറ്റി അംഗം പി അയ്യപ്പന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. 29 പേരെ ഒരുമാസം തടവിന്‌ ശക്ഷിച്ചു. ജൂലൈ 10ന്‌ താലൂക്ക്‌ കേന്ദ്രങ്ങളിൽ  പ്രകടനം നടന്നു. മഞ്ചേരിയിൽ ഹസൻ, പെരിന്തൽമണ്ണയിൽ ചെറിയാൻ, തിരൂരിൽ ചന്ദ്രൻ, പൊന്നാനിയിൽ മൊയ്‌തീൻ എന്നിവർ പ്രകടനത്തിന്‌ നേതൃത്വം നൽകി. ഇവരിൽ 33 പേരെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. പ്രവർത്തകരിൽ ആവേശംനിറച്ച്‌ രണ്ട്‌ തവണ ഇ എം എസ്‌ ജില്ലയിൽ പര്യടനം നടത്തി.  അടിയന്തരാവസ്ഥയെ നേരിടാൻ പാർടി സ്വീകരിച്ച നടപടികൾ ഫലപ്രദമായിരുന്നുവെന്ന്‌ പിന്നീട്‌ വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top