19 December Friday

സന്തോഷത്തോടെ 
ഈ തണലിൽ ഇത്തിരിനേരം

എ രാധാകൃഷ്‌ണൻUpdated: Thursday Oct 5, 2023

പെരിന്തൽമണ്ണ നഗരസഭ ഐഎംഎയുടെ സഹകരണത്തോടെ 
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്കുമുന്നിൽ ഒരുക്കിയ ബ്യൂട്ടി സ്‌പോട്ട്‌

പെരിന്തൽമണ്ണ
യക്ഷിക്കഥകളിലെ ഭീതിനിറച്ച കണ്ണുകളുള്ള മൂങ്ങ, കണ്ണുകളിൽ ക്രൗര്യവുമായി കഴുകൻ, കെട്ടുപിണഞ്ഞിഴയുന്ന സർപ്പങ്ങൾ, സിംഹവും പുലിയും ഓടിനടക്കുന്ന അണ്ണാൻ... പെരിന്തൽമണ്ണ നഗരമധ്യത്തിലെ ആൽമരത്തിലാണ്‌ ജീവികൾ ഇടംകണ്ടെത്തിയത്‌. പെരിന്തൽമണ്ണയിലെ ജില്ലാ ആശുപത്രിക്കുമുന്നിൽ നഗരസഭ ഒരുക്കിയ ‘ബ്യൂട്ടി സ്‌പോട്ടിൽ’ ആണ്‌  ഈ വന്യ ആൽമരം.   
സ്വസ്ഥമായി ഇരിക്കാനും സൊറ പറയാനുമാണ്‌ നഗരസഭ ബ്യൂട്ടി സ്‌പോട്ട്‌ ഒരുക്കിയത്‌. ഒരുവർഷംമുമ്പ്‌ പെരിന്തൽമണ്ണ–- പാലക്കാട് റോഡിൽ പൊന്ന്യാകുർശിയിൽ ആൽമരവേരിന്റെ മുടിയിഴയ്ക്കുള്ളിൽ പാതിമുഖം ഒളിപ്പിച്ച മൂക്കുത്തി പെണ്ണിനെ സൃഷ്ടിച്ച ആർട്ടിസ്റ്റ് ഉണ്ണികൃഷ്ണനാണ്‌ ഈ കലാസൃഷ്‌ടിക്കുപിന്നിലും. ഒരിടത്ത് കൗതുകംനിറഞ്ഞ കണ്ണുകളുള്ള സുന്ദരിയായിരുന്നുവെങ്കിൽ ഇവിടെ ഭീതിയുടെ നിഴൽവീഴ്ത്തുന്ന വന്യജീവികളാണ്. പെരിന്തൽമണ്ണയെ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി  വിവിധ ഇടങ്ങളെ ശുചിയാക്കി ആകർഷകമാക്കി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ഒരുക്കിയാണ് പെരിന്തൽമണ്ണയിൽ നഗരസഭ ബ്യൂട്ടി സ്പോട്ടുകൾ സജ്ജീകരിക്കുന്നത്‌. സന്നദ്ധപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണിത്‌.  
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് ജില്ലാ ആശുപത്രിക്കുമുന്നിലെ ആൽമരത്തിൽ ഉണ്ണികൃഷ്ണന്റെ കൈകളിലൂടെ വന്യജീവികളെ കുടിയിരുത്തിയത്. പൊന്യാകുറുശിയിലെ ആൽമരത്തിലെ മൂക്കുത്തി പെണ്ണായിരുന്നു നഗരസഭയുടെ ഇത്തരത്തിലുള്ള ആദ്യ പരീക്ഷണം. മൂക്കുത്തി പെണ്ണ് സമൂഹമാധ്യമങ്ങളിലും വാർത്തകളിലും വലിയ താരമായിരുന്നു. വൈകിട്ട്‌ സമയം ചെലവഴിക്കാൻ നിരവധിപേർ ഇവിടെയെത്തിയിരുന്നു. ഐഎംഎ സ്ക്വയർ എന്ന പേരിട്ട  വന്യ ആൽമരവും ഇപ്പോൾ പെരിന്തൽമണ്ണയിൽ ട്രെൻഡ് ആവുകയാണ്. നഗരത്തിരക്കിൽ ചൂടിൽ ഇത്തിരിനേരം ഇരിക്കാനും ശുദ്ധവായു ശ്വസിക്കാനും ഈ ആൽമര ബ്യൂട്ടി സ്പോട്ടുകളിലേക്ക് വരാം. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്‌ നഗരസഭാധ്യക്ഷൻ പി ഷാജിയാണ്‌ ബ്യൂട്ടി സ്പോട്ട് നാടിന് സമർപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top