കരിപ്പൂർ
മൂടൽമഞ്ഞിനെ തുടർന്ന് ചൊവ്വാഴ്ച താളംതെറ്റിയ കരിപ്പൂർ വിമാനത്താവളത്തിലെ സർവീസുകൾ നേരെയായില്ല. അഞ്ചു വിമാനങ്ങൾ ബുധനാഴ്ചയും വൈകിയാണ് സർവീസ് നടത്തിയത്. ഗൾഫ് നാടുകളിലേക്ക് പോകാനെത്തിയവർക്ക് മണിക്കൂറുകൾ വിമാനത്താവളത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നു. വിമാനങ്ങൾ വൈകിയതോടെ യാത്രക്കാർ പ്രതിഷേധിച്ചു.
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ചൊവ്വാഴ്ച കരിപ്പൂരിൽനിന്ന് വൈകി പറന്ന വിമാനങ്ങളുടെ രണ്ടാം ദിവസത്തെ തുടർസർവീസുകളാണ് മണിക്കൂറുകൾ വൈകിയത്. വ്യാഴാഴ്‌ചയോടെ മാത്രമേ സർവീസുകൾ നേരെയാകൂ എന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി 8.30ന് പോകേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ ദമാം വിമാനം ഏറെ വൈകി. എയർ ഇന്ത്യാ എക്സ്പ്രസിന്റെ മസ്‌കത്ത് വിമാനവും നാലു മണിക്കൂർ വൈകിയാണ് സർവീസ് നടത്തുന്നത്. ദോഹയിലേക്കുള്ള ഒമാൻ എയർ വിമാനവും നാലു മണിക്കൂർ വൈകി. എയർ ഇന്ത്യാ എക്സ്പ്രസിന്റെ കുവൈത്ത് സർവീസ് അഞ്ചു മണിക്കൂർ വൈകി.
ചൊവ്വ പുലർച്ചെ 3.30നും രാവിലെ ഒമ്പതിനുമിടയിൽ കരിപ്പൂർ വിമാനത്താവളത്തിനു മുകളിലെത്തിയ വിമാനങ്ങൾക്ക് ഇറങ്ങാനായിരുന്നില്ല. വൈമാനികർക്ക് റൺവേ കാണാൻ കഴിയാത്തതിനാൽ ഒമ്പതു വിമാനം നെടുമ്പാശേരി, കണ്ണൂർ, ബംഗളൂരു വിമാനത്താവളങ്ങളിലാണ് ഇറക്കിയത്. നാലെണ്ണം മണിക്കൂറുകൾ വൈകി. പകൽ ഒന്നോടെ സർവീസുകൾ സാധാരണനിലയിലായതെങ്കിലും ബുധനാഴ്‌ചയും സമയക്രമം പാലിക്കാനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..