തേഞ്ഞിപ്പലം
പുതിയ വേഗവും ദൂരവും ഉയരവും തേടി ജില്ലയിലെ കൗമാര താരങ്ങൾ വ്യാഴാഴ്‌ച ട്രാക്കിലിറങ്ങും. കലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയത്തിലാണ് ജില്ലാ സ്‌കൂൾ കായികോത്സവം. മത്സരങ്ങൾ രാവിലെ എട്ടിന് ആരംഭിക്കും. വൈകിട്ട് നാലിന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനംചെയ്യും. 17 സബ് ജില്ലകളിൽനിന്നായി മൂവായിരത്തി അഞ്ഞൂറോളം താരങ്ങൾ ട്രാക്കിലിറങ്ങും. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലാണ് മത്സരം. ആദ്യദിനം 26 ഫൈനൽ ഉണ്ട്. ശനിയാഴ്‌ച സമാപിക്കും.
കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലെ ചാമ്പ്യന്മാരായ കടകശേരി ഐഡിയൽ എച്ച്‌എസ്‌എസ് മാറ്റുരയ്‌ക്കുന്ന ജില്ലാ മേളയായതിനാൽ കായിക കേരളത്തിന്റെ ശ്രദ്ധ ഈ മീറ്റിന് ഉണ്ടാകും. സംസ്ഥാന ചാമ്പ്യൻപട്ടം നിലനിർത്താൻ ഐഡിയൽ എന്തൊക്കെ ആയുധങ്ങൾ ആവനാഴിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് തേഞ്ഞിപ്പലത്തുനിന്ന് അറിയാം. 50 അംഗ സംഘവുമായാണ് ഐഡിയൽ ടീം എത്തുന്നത്. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏഴ് സ്വർണവും ഒമ്പത് വെള്ളിയും നാല് വെങ്കലവമടക്കം 66 പോയിന്റ് നേടിയായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഐഡിയലിന്റെ കുതിപ്പ്. ചീഫ് കോച്ച് നദീഷ് ചാക്കോയ്‌ക്കും സ്‌കൂളിലെ കായികാധ്യാപകർക്കും പുറമേ മുതിർന്ന പരിശീലകനായ ടോമി ചെറിയാൻ ഉൾപ്പെടെയുള്ളവരെ എത്തിച്ചാണ് ഐഡിയൽ ടീമിനെ ഒരുക്കിയത്.
ഐഡിയലിനുപുറമേ ജില്ലയിൽനിന്നുള്ള ആലത്തിയൂർ കെഎച്ച്‌എം എച്ച്‌എസ്‌എസും സംസ്ഥാനതലത്തിൽ ആദ്യ പത്തിൽ ഇടംപിടിച്ചിരുന്നു. മൂന്ന് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവുമടക്കം 22 പോയിന്റുമായി എട്ടാം സ്ഥാനത്തായിരുന്നു ആലത്തിയൂർ. സിഎച്ച്‌എംകെ എച്ച്‌എസ്‌എസ് കാവനൂർ, നവാമുകുന്ദ എച്ച്‌എസ്‌എസ് തിരുന്നാവായ, സിഎച്ച്‌എംഎസ് എച്ച്‌എസ്‌എസ് പൂക്കൊളത്തൂർ, ജിഎച്ച്‌എസ്‌എസ് അരീക്കോട്, സെന്റ് മേരീസ് പരിയാപുരം, ആർഎംഎച്ച്‌എസ്‌എസ് മേലാറ്റൂർ എന്നിവയും ശക്തമായ താരനിരയുമായാണ് മീറ്റിനെത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..