മങ്കട
സ്കൂൾകാലത്തെ കുസൃതികൾക്കിടയിലും അവർ നിറമുള്ള സ്വപ്നങ്ങൾ കണ്ടു. വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് സംരംഭം തുടങ്ങണമെന്ന് ഒന്നിച്ചുത്തരം നൽകി. കൂട്ടിൽ എന്ന ഗ്രാമത്തിലെ കളിക്കൂട്ടുകാരായ ഷഹീർ ഉള്ളാട്ടുപാറ, നിഷാദ് ഉള്ളാട്ടുപാറ, കെ ടി മൂസക്കുട്ടി, ഫവാസ് റഹീം എന്നീ നാൽവർസംഘത്തിന്റെ സ്വപ്നവും അവർക്കൊപ്പം വളർന്നു. വർഷങ്ങൾ കടന്ന്, യാത്ര പല വഴിക്കായെങ്കിലും എത്തിയത് ആ പഴയ സ്വപ്നത്തിലേക്കുതന്നെ. മനസ്സിൽ മധുരം നിറയുന്ന "സ്‌കൂപ്‌സോ' ഐസ്ക്രീമിന്റെ കഥ ആരംഭിക്കുന്നത് ഇവിടെയാണ്. അതും കോവിഡ് കാലത്ത്.
ഒരുദിവസം കാലത്ത് പത്രങ്ങൾക്കൊപ്പം വീടുകളിലെത്തിയ നോട്ടീസ് ഇതായിരുന്നു: ‘ഇവിടെ തണുപ്പുണ്ടോ’ എന്നുമാത്രം നോട്ടീസിൽ വായിച്ചവർ എന്താണെന്നറിയാൻ തിരിച്ചും മറിച്ചും നോക്കി. ഒന്നും കണ്ടില്ല. കുറച്ചുദിവസം കഴിഞ്ഞപ്പോൾ മങ്കടയിലെയും കൂട്ടിലിലെയും വൈദ്യുതതൂണുകളിൽ മറ്റൊരു നോട്ടീസ് പ്രത്യക്ഷപ്പെട്ടു. ‘മങ്കടയിൽ കപ്പലടുക്കും’. വായിച്ചവർ അതെങ്ങനെയെന്ന് പരസ്‌പരം ചോദിച്ചുകൊണ്ടിരുന്നു. എന്നാൽ ഒരു ഐസ്‌ക്രീം കമ്പനിയുടെ പിറവി അറിയിക്കുകയായിരുന്നു ഈ നോട്ടീസുകളിലൂടെ നാൽവർസംഘം. തങ്ങളുടെ ബ്രാൻഡിന് അവർ സ്‌കൂപ്‌സോ എന്ന പേരിട്ടു. ‘പെട്ടെന്ന് കേട്ടാൽ മനസ്സിലാകാത്തവർ വീണ്ടും വീണ്ടും ആ പേര് ഉരുവിടും. അതവരുടെ മനസ്സിൽ ഇടംപിടിക്കും. ഞങ്ങളുണ്ടാക്കുന്ന ഉൽപ്പന്നവും അതുപോലെ മനസ്സിലിടംപിടിക്കണം’–- പേരിനുപിന്നിലെ കഥ പറഞ്ഞു ഷഹീർ.
2021 മാർച്ചിലാണ് തുടക്കം. നിഷാദും ഷഹീറും മൂസക്കുട്ടിയും വിദേശത്തായിരുന്നു. ഫവാസ് കൂട്ടിൽ എഎം യുപി സ്കൂൾ അധ്യാപകനും. അവധിക്ക് നാട്ടിലേക്കുവന്ന ഷഹീറിനും മൂസക്കുട്ടിക്കും കോവിഡ് രൂക്ഷമായതോടെ തിരിച്ചുപോകാനായില്ല. ഇക്കാലത്ത് ആ സ്വപ്നം വീണ്ടുമുണർന്നു. നാലുപേരും തങ്ങളുടെ സമ്പാദ്യത്തിൽനിന്ന് കണ്ടെത്തിയ 15 ലക്ഷം രൂപ ചെലവിട്ട് സ്വന്തം നാട്ടിൽ ഐസ് സ്റ്റിക്ക് നിർമാണയൂണിറ്റാണ് ആദ്യം തുടങ്ങിയത്. സംഗതി ഹിറ്റായതോടെ ആളുകൾ അന്വേഷിച്ചെത്തി. ഇപ്പോൾ സംസ്ഥാനത്തും ബംഗളൂരുവിലുമായി 85 ഔട്ട്‌ലെറ്റുകളുണ്ട്. നിർമാണ യൂണിറ്റ് ഘട്ടംഘട്ടമായി നവീകരിച്ച് ഐസ്ക്രീം ഫ്ലേവറുകൾ തയ്യാറാക്കി. 2022ൽ സ്വതന്ത്ര വിപണിയിലേക്കായി "ഹലോസി'എന്ന ബ്രാൻഡിൽ സിപ്പപ്പ് ഉൾപ്പെടെയുള്ളവയും അവതരിപ്പിച്ചു.
ഷഹീറും മൂസക്കുട്ടിയുമാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. 1500 ലിറ്റർ പാൽ ഒരുദിവസം ആവശ്യമാണ്. നാൽപ്പതോളം തൊഴിലാളികളുണ്ട്. ഇതിൽ 75 ശതമാനവും പരിസരവാസികളായ സ്ത്രീകളാണ്. മങ്കടയിൽ പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. വ്യവസായ വകുപ്പിന്റെ സബ്‌സിഡിക്ക് അപേക്ഷിച്ചിട്ടുണ്ട്. മാസം 40 ലക്ഷം രൂപയാണ് വിറ്റുവരവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..