28 March Thursday

രാഹുൽ ഗാന്ധി കെ സുധാകരന്റെ നിലവാരത്തിൽ: എളമരം

സ്വന്തം ലേഖകൻUpdated: Tuesday Jul 5, 2022

മലപ്പുറം > മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യണമെന്ന പ്രസ്‌താവനയിലൂടെ രാഹുൽ ഗാന്ധി എംപി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ നിലവാരത്തിലേക്ക്‌ തരംതാണതായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എംപി പറഞ്ഞു. ‘നവ കേരളത്തിനായി എൽഡിഎഫിനൊപ്പം’ എന്ന മുദ്രാവാക്യമുയർത്തിയുള്ള എൽഡിഎഫ്‌ ജില്ലാ ബഹുജന റാലി മലപ്പുറം ടൗൺ ഹാളിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മതേതര പാർടികളെ യോജിപ്പിച്ചുനിർത്താൻ മുൻകൈയെടുക്കേണ്ട കോൺഗ്രസിന്റെ നേതാവിന്‌ യോജിച്ച പ്രതികരണമല്ല രാഹുലിന്റേത്‌. കള്ളക്കടത്ത്‌ കേസിലെ പ്രതി വായിൽ‌ തോന്നിയത്‌ കോതയ്‌ക്ക്‌ പാട്ട്‌ എന്നപോലെ‌ പറയുന്നതുകേട്ട്‌ കേരള മുഖ്യമന്ത്രി ഇഡി അന്വേഷണം നേരിടണമെന്ന്‌ രാഹുൽ ഗാന്ധിയെ പോലുള്ള ഒരു നേതാവ്‌ പറയുന്നത്‌ നിരുത്തരവാദപരമാണ്‌.

മതനിരപേക്ഷ നിലപാട്‌ സ്വീകരിച്ച്‌ സംഘപരിവാറിന്റെ ഫാസിസ്റ്റ്‌ ഭരണത്തിനെതിരെ നിലകൊള്ളുന്ന ഇടതുപക്ഷത്തെ അവഹേളിക്കുകയാണ്‌ ഇതിലൂടെ. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ പ്രവർത്തകർ മാർച്ച്‌ നടത്തിയപ്പോൾ അതിലെ പിഴവുകൾ സിപിഐ എമ്മും എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വവും പരസ്യമായി ചൂണ്ടിക്കാണിച്ചു. എന്നാൽ വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവർക്ക്‌ സ്വീകരണമൊരുക്കുകയാണ്‌ കോൺഗ്രസ്‌. രാഷ്‌ട്രീയ തർക്കങ്ങൾ പാർടി ഓഫീസുകൾ ആക്രമിക്കുന്നതിലേക്ക്‌ പോകുന്നത്‌ ശരിയല്ല.

ആർഎസ്‌എസിന്റെ കൈയിലെ ആയുധമായി കേരളത്തിലെ കോൺഗ്രസ്‌ മാറി. രാജ്യം ഗുരുതരമായ അവസ്ഥയിലേക്ക്‌ നീങ്ങുമ്പോഴും  മതസൗഹാർദം ഉയർത്തിപ്പിടിക്കുന്ന തുരുത്തായി കേരളം നിൽക്കുന്നു. മതനിരപേക്ഷ ശക്തികൾ യോജിച്ച പോരാട്ടം ഉയർത്തിക്കൊണ്ടുവരേണ്ട കാലത്ത്‌ ഇടതുപക്ഷത്തെ ദുർബലമാക്കാൻ ബിജെപിയെ കോൺഗ്രസ്‌ സഹായിക്കുകയാണ്‌. ന്യൂനപക്ഷ സംരക്ഷകരെന്ന്‌ അവകാശപ്പെടുന്ന മുസ്ലിംലീഗും ഇവർക്കൊപ്പമുണ്ട്‌– -എളമരം കരീം പറഞ്ഞു. 

അവിശുദ്ധ കൂട്ടുകെട്ടിനെ തകർക്കേണ്ടത്‌  അനിവാര്യം

എൽഡിഎഫ്‌ സർക്കാറിനെതിരായ അവിശുദ്ധ കൂട്ടുകെട്ടിനെ തകർക്കേണ്ടത്‌ കേരളത്തിന്റെ ഭാവിക്ക്‌ അനിവാര്യമാണെന്ന്‌ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം സി പി മുരളി പറഞ്ഞു. ഈ കൂട്ടുകെട്ടിനൊപ്പം ചില മാധ്യമങ്ങളും ചേരുകയാണ്‌. രാജ്യത്ത്‌ മതനിരപേക്ഷത സംരക്ഷിക്കാൻ പോരാടുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കുകയെന്നതാണ്‌ ബിജെപിയുടെ ലക്ഷ്യം. അതിനെ സഹായിക്കുകയാണ്‌ കോൺഗ്രസും മുസ്ലിം ലീഗും- സി പി മുരളി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top