26 April Friday

താരകപ്പെണ്ണാളേ... *സുഹൈല പാടി, താളമിട്ട്‌ മന്ത്രി

സ്വന്തം ലേഖകൻUpdated: Tuesday Jul 5, 2022

പൊന്മള ബഡ്‌സ്‌ സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ മന്ത്രി ആർ ബിന്ദുവിനൊപ്പം

മലപ്പുറം
താരകപ്പെണ്ണാളേ, കതിരാടും മിഴിയാളേ... സുഹൈല എല്ലാംമറന്ന്‌ പാടിയപ്പോൾ അടുത്തിരുന്ന മന്ത്രി പതുക്കെ കസേരയിൽ താളമിട്ടു. പാട്ട്‌ കഴിഞ്ഞപ്പോൾ മന്ത്രി കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ചു. പിന്നെ, റമീസിന്റെ ഊഴമായിരുന്നു. പതറാതെ അവനൊരു മാപ്പിളപ്പാട്ട്‌ ഈണത്തിൽ പാടി. പൊന്മള ബഡ്‌സ്‌ സ്‌കൂളിലെ കുട്ടികളാണ്‌ ഈ ഗായകർ. ഉന്നത വിദ്യാഭ്യാസ–-സാമൂഹ്യക്ഷേമ മന്ത്രി പ്രൊഫ. ആർ ബിന്ദുവാണ്‌ കുട്ടികൾക്കൊപ്പം ചെലവഴിച്ചത്‌.
മന്ത്രിയുടെ തൃശൂർ പൂങ്കുന്നത്തെ വീടായിരുന്നു വേദി. ഭിന്നശേഷിക്കാർക്കുള്ള സ്‌കൂളിന്റെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെടുത്താനാണ്‌ പൊന്മള ബഡ്‌സ്‌ സ്‌കൂളിലെ ആറ്‌ കുട്ടികളും രക്ഷിതാക്കളും പോയത്‌. രാവിലെ എട്ടരയോടെ എത്തിയ കുട്ടികളെയും രക്ഷിതാക്കളെയും മന്ത്രി  സ്വീകരിച്ചിരുത്തി. അവർക്ക്‌  പലഹാരവും നൽകി. അടുത്തിരുന്ന സുഹൈല പാടും എന്നറിഞ്ഞപ്പോൾ മന്ത്രി പ്രോത്സാഹിപ്പിച്ചു.
രക്ഷിതാക്കളിൽനിന്ന്‌ ബഡ്‌സ്‌ സ്‌കൂളിന്റെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി നിവേദനവും സ്വീകരിച്ചു. സ്‌കൂളിനോട്‌ ചേർന്നുള്ള ആരോഗ്യവകുപ്പിന്റെ സ്ഥലത്ത്‌ പുതിയ കെട്ടിടം നിർമിച്ചാൽ  സൗകര്യമാകുമെന്ന്‌ രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. വാഹനസൗകര്യം ഏർപ്പെടുത്തേണ്ടതിനെക്കുറിച്ച്‌ എംഎൽഎയോട്‌ സംസാരിക്കാമെന്നും തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങാമെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങളോടെല്ലാം അനുഭാവപൂർണമായ സമീപനമായിരുന്നു മന്ത്രിയുടേതെന്ന്‌ പിടിഎ പ്രസിഡന്റ്‌ പി ഇന്ദിരയും സംഘത്തിലുണ്ടായിരുന്ന പി അബ്ദുൽ അസീസും പറഞ്ഞു. മലപ്പുറത്ത്‌ വരുമ്പോൾ സ്‌കൂളിലേക്ക്‌ വരാമെന്ന്‌ മന്ത്രി സമ്മതിച്ചിട്ടുണ്ട്‌.
ഒരുമണിക്കൂറിലേറെ മന്ത്രി ബഡ്‌സ്‌ സ്‌കൂൾ കുരുന്നുകൾക്കൊപ്പം ചെലവിട്ടു. ഗോപിക, ഫെബിത ജാസ്‌മിൻ, അശ്വതി, ഷിഫാന എന്നിവരും രക്ഷിതാക്കളായ പി നസീറ, കെ മൊയ്‌തീൻ, കെ മുസ്‌തഫ, റജീന എന്നിവരുമാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top