25 April Thursday

29 സസ്യങ്ങളുടെ കുടുംബം മിയാവാക്കിയായി

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023

സൗത്ത് ഡിവിഷന്‍ ഓഫീസിന് സമീപം വനംവകുപ്പ് ഒരുക്കിയ മിയാവാക്കി

നിലമ്പൂർ
സംസ്ഥാന വനംവകുപ്പ് ജില്ലയിൽ തുടക്കംകുറിച്ച മിയാവാക്കി വനവല്‍ക്കരണ പദ്ധതി നൂറ് ശതമാനം വിജയം. നിലമ്പൂർ  സൗത്ത് വനം ഡിവിഷൻ ഓഫീസിന് സമീപം പരീക്ഷണാർഥം തുടങ്ങിയ പദ്ധതിയാണ് വിജയംകണ്ടത്. ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. 2020 പരിസ്ഥിതി ദിനത്തിലാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടം മലപ്പുറം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് നടപ്പാക്കിയത്. നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിലെ മിയാവാക്കി പദ്ധതി പൂർണ വിജയമായെന്ന്‌ വനംവകുപ്പ് അധികൃതർ പറഞ്ഞു. മണിമരുത്, പേര, പ്ലാവ്, സീതപ്പഴം, മാവ്, ഇരുമ്പകം, ഞാവൽ, മന്ദാരം, സ്റ്റാർ ആപ്പിൾ, മുള്ളൻകൈനി, ഉങ്ങ്, പന, പൂവം, ഇലഞ്ഞി, ലക്ഷ്മിതരു, അത്തി, കൊല്ലക്ക വള്ളി, മുട്ടിൽപ്പഴം, കാട്ടുമുല്ല, ഇരുൾ, കാഞ്ഞിരം, എടല, പാറകം, നെല്ലി, പുല്ലാനി, കക്കുംകായ വള്ളി, സിന്ദൂരി, രുദ്രാക്ഷം, കറിവേപ്പ് തുടങ്ങി 29 ഇനം തൈകൾ ഉപ​​യോ​ഗിച്ചാണ് മിയാവാക്കി ഒരുക്കിയത്. ഓരോ സസ്യത്തിനും ബോർഡ് വച്ചാണ് പരിപാലിക്കുന്നത്. നട്ടുപിടിപ്പിച്ച തൈകളുടെ പേരുകൾ ഡിജിറ്റൽ പ്ലാ​ന്റ് ലൈബ്രറി എന്ന പേരിൽ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിര മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണ്‌ ‘മിയാവാക്കിവനം’. ചെടികൾ വളരെ വേഗം വളർച്ച കൈവരിക്കുമെന്നതാണ് മിയാവാക്കി വനങ്ങളുടെ പ്രത്യേകത. ആഗോളതലത്തിൽ മിയാവാക്കി വനങ്ങൾ പ്രതിവർഷം ഒരു മീറ്റർ ഉയരത്തിൽ വളരുമ്പോൾ കേരളത്തിൽ മൂന്നര മീറ്ററിൽ കുറയാത്ത വളർച്ച ഉണ്ടാകുന്നുണ്ടെന്ന് കെഎഫ്ആർഐ ഗവേഷകർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top