29 March Friday

ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റംവരണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

ഉണര്‍വ് 2022' സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനം തിരൂരിൽ മന്ത്രി ആർ ബിന്ദു നിർവഹിക്കുന്നു

 തിരൂർ

ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റംവരണമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി  ആർ ബിന്ദു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന "ഉണര്‍വ് 2022' സംസ്ഥാനതല  ഉദ്ഘാടനം തിരൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷി കുട്ടികളുടെ ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലയിൽ നടപ്പാക്കി വിജയിച്ച പാരന്റ്‌ എംപവർമെന്റ്‌ പ്രോഗ്രാം സംസ്ഥാനത്തുടനീളം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  ശാരീരികമായ പരിമിതികൾ മറികടക്കുന്നതിനായി വിവിധ പദ്ധതികളിലൂടെ ആവശ്യമായ ഉപകരണങ്ങൾ നൽകി ഭിന്നശേഷിക്കാരെ പൊതുസമൂഹത്തോടൊപ്പം ചേർത്തുനിർത്താനാണ് സർക്കാർ ശ്രമം. അതിന്റെ ഭാഗമായാണ് എല്ലാ പൊതുഇടങ്ങളും ഭിന്നശേഷിക്കാർക്ക് കടന്നുചെല്ലാവുന്നവിധം തടസരഹിത കേരളമെന്ന ആശയം സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  
ഭിന്നശേഷി അവാര്‍ഡ് വിതരണവും പ്രദര്‍ശന പവലിയന്‍ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍  മന്ത്രി വി അബ്ദുറഹ്മാന്‍ അധ്യക്ഷനായി.  കുറുക്കോളി മൊയ്തീന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. ഭിന്നശേഷിക്കാർക്കുള്ള കൈപ്പുസ്തക പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. യു സൈനുദ്ദീൻ, ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി, ഭിന്നശേഷി കമീഷണര്‍ ജസ്റ്റിസ് എസ് എച്ച് പഞ്ചാപകേഷന്‍, സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ഡയറക്ടർ ജലജ, കെഎസ്എച്ച്പി ഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ. എം വി ജയാഡാലി, തിരൂർ സബ് കലക്ടര്‍ സച്ചിന്‍കുമാര്‍ യാദവ് എന്നിവർ സംസാരിച്ചു.  ഭിന്നശേഷി സഹൃദയ സംഗമം, പുരസ്കാര വിതരണം, വിവിധ കലാപരിപാടികള്‍, പ്രദര്‍ശനം, സംഗീതവിരുന്ന് തുടങ്ങിയവയും നടന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top