18 December Thursday
മൂടൽ മഞ്ഞിൽ റൺവേ അവ്യക്തം

കരിപ്പൂരിൽ 
വിമാന സർവീസുകൾ 
താളംതെറ്റി

സ്വന്തം ലേഖകൻUpdated: Wednesday Oct 4, 2023

9 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലിറക്കി

നാലെണ്ണം മണിക്കൂറുകൾ വൈകി

 
കരിപ്പൂർ
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കരിപ്പൂരിൽ വിമാനസർവീസുകൾ താളംതെറ്റി. ചൊവ്വ പുലർച്ചെ 3.30നും രാവിലെ ഒമ്പതിനുമിടയിൽ കരിപ്പൂർ വിമാനത്താവളത്തിനുമുകളിലെത്തിയ വിമാനങ്ങൾക്ക്‌ ഇറങ്ങാനായില്ല. വൈമാനികർക്ക് റൺവേ കാണാൻ കഴിയാത്തതിനാൽ ഒമ്പത് വിമാനം വഴിതിരിച്ചുവിട്ടു. നാല് സർവീസുകൾ മണിക്കൂറുകൾ വൈകി. പല വിമാനങ്ങളും ആകാശത്ത് വട്ടമിട്ടുപറന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ അടുത്ത വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. പകൽ ഒന്നോടെയാണ്‌ സർവീസുകൾ സാധാരണനിലയിലായത്‌.  
 പുലർച്ചെ 3.30ന് കരിപ്പൂരിലെത്തിയ എയർ അറേബ്യയുടെ ഷാർജ വിമാനം കോയമ്പത്തൂരിലേക്ക്‌ തിരിച്ചുവിട്ടു.  പുലർച്ചെ 3.40ന് ഷാർജയിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 352 വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. 4.40ന് എത്തിയ ഗൾഫ് എയറിന്റെ ബഹറൈൻ വിമാനവും 5.10ന് ദുബായിൽനിന്ന്‌ എത്തിയ എയർഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 344 വിമാനവും 7.05ന് എത്തിയ എയർഇന്ത്യ എക്സ്‌പ്രസിന്റെ ഐഎക്സ് 382 ദമാം വിമാനവും 7.10ന് ദുബായിൽനിന്ന്‌ എത്തിയ ഫ്ലൈ ദുബായി വിമാനവും നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. 7.45ന് അബുദാബിൽനിന്ന്‌ എത്തിയ എയർഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 348 വിമാനം കണ്ണൂരിലേക്കും 8.05ന് എത്തിയ ഒമാൻ എയർ വിമാനവും 8.40ന് ജിദ്ദയിൽനിന്ന്‌ എത്തിയ ഇൻഡിഗോ വിമാനവും ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു.
20ന് റിയാദിൽനിന്ന്‌ വന്ന ഫ്ലൈനാസ് എയർലൈൻസ് വിമാനം ഒരുമണിക്കൂറും പത്ത് മിനിറ്റും ആകാശത്ത് വട്ടമിട്ടുപറന്നശേഷം 9.30നാണ് കരിപ്പൂരിലിറങ്ങിയത്. 7.15ന് റിയാദിൽനിന്ന്‌ എത്തിയ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 322 വിമാനം 2.20 മണിക്കൂർ വൈകി 9.35നാണ് കരിപ്പൂരിലെത്തിയത്. ഏഴിന് ഇറങ്ങേണ്ട ഇൻഡിഗോയുടെ ദുബായി വിമാനവും രണ്ട് മണിക്കൂർ വൈകി രാവിലെ ഒമ്പതിനാണ് കരിപ്പൂരിലെത്തിയത്.
ഈ രണ്ട്‌ വിമാനങ്ങളും വൈകിയാണ് റിയാദിൽനിന്നും ദുബായിൽനിന്നും പുറപ്പെട്ടതും. 6.25ന് ബംഗളൂരുവിൽനിന്ന്‌ എത്തേണ്ട ഇൻഡിഗോ വിമാനവും നാലുമണിക്കൂർ വൈകി.  
തിരിച്ചുവിട്ട വിമാനങ്ങൾ രാവിലെ 10നുശേഷമാണ് കരിപ്പൂരിൽ തിരിച്ചെത്തിയത്. വൈമാനികന്റെ ജോലിസമയം കഴിഞ്ഞതിനാൽ എയർ അറേബ്യയുടെ ഷാർജ വിമാനം തുടർസർവീസ് റദ്ദാക്കി. ഇതിലെ  യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top