25 April Thursday

ഹൃദയാക്ഷരങ്ങളിൽ നിറഞ്ഞ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

മലപ്പുറം ടൗൺ ഹാൾ പരിസരത്ത്‌ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരണ സമ്മേളനത്തിൽ പ്രതിപക്ഷ ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

 

 
സ്വന്തം ലേഖകൻ
മലപ്പുറം
നാടിന്റെ മനസ്സിൽ ഹൃദയാക്ഷരങ്ങളാൽ ചേർത്തുവച്ച കോടിയേരി ബാലകൃഷ്‌ണൻ എന്ന ജനനേതാവിന്‌ മലപ്പുറത്തിന്റ ആദരാഞ്ജലി. ഓർമകളിൽ വിതുമ്പിയും ഉള്ളിൽ ലാൽസലാം ഉയർത്തിയും നൂറുകണക്കിനാളുകൾ അണിനിരന്ന മൗനജാഥയും അനുസ്‌മരണ സമ്മേളനവും കോടിയേരിക്കുള്ള സാർഥകമായ സ്‌മരണാഞ്ജലിയായി. നെഞ്ചിൽ കോടിയേരിയുടെ ബാഡ്‌ജ് കുത്തി പ്ലക്കാർഡുകളുമേന്തി സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിന്റെ നേതൃത്വത്തിലുള്ള മൗനജാഥ പെട്രോൾ പമ്പ്‌ പരിസരത്തുനിന്നാണ്‌ ആരംഭിച്ചത്‌. 
വാരിയൻകുന്നത്ത്‌ സ്‌മാരക ടൗൺഹാൾ പരിസരത്ത്‌ അനുസ്‌മരണ സമ്മേളനം ചേർന്നു. ഇ എൻ മോഹൻദാസ്‌ അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുൾ വഹാബ്‌ എംപി, കെപിസിസി ജനറൽ സെക്രട്ടറി എ പി അനിൽകുമാർ എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ്‌ രവി തേലത്ത്, മുതിർന്ന സിപിഐ എം നേതാവ്‌ ടി കെ ഹംസ, മുനിസിപ്പൽ ചെയർമാൻ മുജീബ്‌ കാടേരി, ഐഎൻഎൽ നേതാവ്‌ പ്രൊഫ. എ പി അബ്ദുൾ വഹാബ്‌, സിപിഐ മണ്ഡലം കമ്മിറ്റി അംഗം മുസ്‌തഫ കൂത്രാടൻ, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ജോണി പുല്ലന്താനി, എൽജെഡി ജില്ലാ പ്രസിഡന്റ്‌ സബാഹ്‌ പുൽപ്പറ്റ, ജനതാദൾ എസ്‌ സംസ്ഥാന സെക്രട്ടറി കെ വി ബാലസുബ്രഹ്മണ്യൻ, എൻസിപി ജില്ലാ പ്രസിഡന്റ്‌ കെ പി രാമനാഥൻ, ഹസ്സൻ (കേരള കോൺഗ്രസ്‌ ബി), ജോസ്‌ വർഗീസ്‌ (കോൺഗ്രസ്‌ എസ്‌), പരി ഉസ്‌മാൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), കവി മണമ്പൂർ രാജൻബാബു എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ സ്വാഗതവും ഏരിയാ സെക്രട്ടറി കെ മജ്‌നു നന്ദിയും പറഞ്ഞു. 
 
സ്‌മരണാഞ്ജലിയർപ്പിച്ച്‌ നേതാക്കൾ
നാടിന്‌ ഇനിയും ഏറെ സംഭാവന നൽകാനാകുന്ന നേതാവിനെയാണ്‌ നഷ്ടപ്പെട്ടതെന്ന്‌ അനുസ്‌മരണ സമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ. സിപിഐ എമ്മിനും എൽഡിഎഫിനും കുടുംബത്തിനുമുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും നേതാക്കൾ പറഞ്ഞു. ക്രൈസിസ്‌ മാനേജ്‌മെന്റിൽ അസാധാരണമായ ശേഷിയാണ്‌ കോടിയേരി പ്രകടിപ്പിച്ചതെന്ന്‌ മുസ്ലിം ലീഗ്‌ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാറാട്‌ കലാപകാലത്തും നാദാപുരം പ്രശ്‌നം സങ്കീർണമായപ്പോഴുമെല്ലാം അത്‌ നേരിട്ട്‌ കണ്ടറിഞ്ഞു. സ്‌പർധ ഒഴിവാക്കി സാഹോദര്യം തിരിച്ചുകൊണ്ടുവരാൻ നേതാക്കളാകെ ഇറങ്ങിയപ്പോൾ കോടിയേരി അതിന്റെ മുന്നിലുണ്ടായിരുന്നു. നിയമസഭയിൽ രൂക്ഷമായി വിമർശിക്കുകയും പാർടിക്കും മുന്നണിക്കുംവേണ്ടി കാര്യങ്ങൾ എണ്ണിയെണ്ണി പറയുകയും ചെയ്യുമ്പോഴും അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചു. ഒരിക്കലും അകൽച്ച കാണിക്കാത്ത വ്യത്യസ്‌തമായ മുഖമായിരുന്നു കോടിയേരിയുടേത്‌–- കുഞ്ഞാലിക്കുട്ടി പറഞ്ഞു.  
കോടിയേരിയുടെ വേർപാട്‌ നാടിന്റെ പൊതുവേദനയായി മാറുന്നത്‌ നാടിനൊപ്പം വളർന്ന നേതാവായതിനാലാണെന്ന്‌ എ പി അനിൽകുമാർ എംഎൽഎ പറഞ്ഞു. മികച്ച പാർലമെന്റേറിയനുമായ അദ്ദേഹത്തിന്റെ വേർപാട്‌ നാടിനു കനത്ത നഷ്ടമാണ്‌–- അനിൽകുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top