പെരിന്തൽമണ്ണ
ജില്ലയിൽ മുദ്രപത്രക്ഷാമം രൂക്ഷം. 500 രൂപയുടേത് കിട്ടാനില്ല. 1000 രൂപയുടെ മുദ്രപത്രവും കുറവാണ്. 50, 100 രൂപയുടെ മുദ്രപത്രങ്ങൾ കഴിഞ്ഞ ദിവസം എത്തിയതോടെയാണ് തെല്ല് ആശ്വാസമായത്. രണ്ടു മാസത്തോളമായി ജില്ലയിൽ ലഭ്യത കുറവാണ്. മഞ്ചേരിയിലെ സ്റ്റാമ്പ് ഡിപ്പോയിൽനിന്നാണ് മുദ്രപത്രങ്ങൾ എത്തുന്നത്. ജൂണിൽ നാസിക്കിൽനിന്ന് സെൻട്രൽ ഡിപ്പോയിലേക്ക് മുദ്രപത്രങ്ങൾ എത്തിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യവും ജീവനക്കാരുടെ കുറവുംമൂലം തരംതിരിക്കൽ ജോലിക്ക് വേഗം കുറഞ്ഞതാണ് ജില്ലകളിൽ ക്ഷാമത്തിന് വഴിവച്ചത്. ഇതിൽ 50, 100 രൂപ മുദ്രപത്രങ്ങൾ ഇപ്പോൾ ലഭ്യമായപ്പോൾ 500 രൂപയുടേതാണ് കിട്ടാതായത്. എന്നാൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് 50, 100, 200 രൂപ മുദ്രപത്രങ്ങൾക്കാണ്. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങൾക്കും ഇതുവേണം. ജനന, മരണ സർട്ടിഫിക്കറ്റുകൾ, സ്‌കൂൾ സർട്ടിഫിക്കറ്റ്, സത്യവാങ്മൂലങ്ങൾ, ബാങ്ക് വായ്പ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, കാർഷിക വിള ആനുകൂല്യങ്ങൾ, ക്ഷീര കർഷകർക്കുള്ള ധനസഹായ പദ്ധതികൾ എന്നിവയ്ക്ക് ഇവ ആവശ്യമുണ്ട്. 500 രൂപയുടെ മുദ്രപത്രങ്ങൾക്ക് ക്ഷാമമുള്ളതിനാൽ പകരം 100 രൂപയുടെ അഞ്ച് മുദ്രപത്രങ്ങൾ വാങ്ങി ഉപയോഗിക്കാം. 200 രൂപയുടെ മുദ്രപത്രം വേണ്ട ലൈഫ് മിഷൻ പദ്ധതി കരാറിനും 100 രൂപയുടെ മുദ്രപത്രത്തിന്റെ ലഭ്യത തുണയാകും. നേരത്തെ ആറ് മാസത്തിൽ ഒരിക്കലായിരുന്നു മുദ്രപത്രങ്ങൾ എത്തിച്ചിരുന്നത്. സെൻട്രൽ ഡിപ്പോയിൽ ആവശ്യത്തിന് ലഭ്യമാണെന്നതിനാൽ ഇപ്പോൾ രണ്ട് മാസം കൂടുമ്പോൾ എത്തിക്കാനാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..