26 April Friday

അമ്മയുടെ 90‐ാം പിറന്നാളിന്‌ അങ്കണവാടിക്ക്‌ ഭൂമി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
കോട്ടക്കൽ 
അമ്മയുടെ 90‐ാം പിറന്നാൾ അങ്കണവാടിക്ക്‌ സൗജന്യമായി ഭൂമി നൽകി ആഘോഷിക്കാൻ മക്കൾ. വ്യവസായരംഗത്ത് മുദ്രപതിപ്പിച്ച ലീന ഗ്രൂപ്പ് സ്ഥാപകൻ എം കെ രാമനുണ്ണിയുടെ ഭാര്യ മീനാക്ഷിക്കുട്ടിയമ്മയുടെ പിറന്നാൾ ആഘോഷമാണ്‌ നാടിന്‌ നന്മയാകുന്നത്‌.  മക്കളായ യു തിലകൻ, യു ഭരതൻ, യു രാഗിണി (കൗൺസിലർ) എന്നിവരുടെ  നേതൃത്വത്തിലുള്ള ലീന ഗ്രൂപ്പാണ്‌ തീരുമാനമെടുത്തത്‌. കോട്ടക്കൽ തോക്കാമ്പാറയിൽ അങ്കണവാടിക്കായി വാങ്ങിയ അഞ്ച് സെന്റ് ഭൂമി നഗരസഭക്ക് കൈമാറും. അമ്മയുടെ നവതി ആഘോഷം സാമൂഹ്യപ്രവർത്തനംവഴി വ്യത്യസ്തമാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണിതെന്ന്‌ മക്കൾ പറഞ്ഞു. അഞ്ചിനാണ് മീനാക്ഷിക്കുട്ടിയമ്മയുടെ 90‐ാം പിറന്നാൾ. ഈ ദിവസം കോട്ടക്കൽ നഗരസഭ മുപ്പതാം വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്കാണ്‌ ഭൂമി സ്വന്തമാവുന്നത്‌. പകൽ 11ന് റിഡ്ജസ് ഇൻ ഹാളിലാണ്‌ ചടങ്ങ്‌. നഗരസഭാ ചെയർപേഴ്സൺ ബുഷ്റ ഷബീർ ഉദ്ഘാടനംചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, നഗരസഭാ പ്രതിപക്ഷ നേതാവ് ടി കബീർ എന്നിവർ പങ്കെടുക്കും. 30ാം വാർഡിൽ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഇതോടൊപ്പം നടക്കും. വാർഡിൽ ലൈബ്രറിക്ക് ഭൂമി വാങ്ങി നൽകാനുള്ള പദ്ധതിക്കും എംകെആർ ഫൗണ്ടേഷൻ ശ്രമമാരംഭിക്കുമെന്ന്‌ ട്രസ്റ്റി ബോർഡ് അംഗങ്ങളായ യു തിലകൻ, യു ഭരതൻ, യു രാഗിണി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top