19 April Friday

നിലമ്പൂരിൽ പ്രളയത്തെ തോൽപ്പിക്കാൻ 19 വള്ളങ്ങളും പോരാളികളും തയ്യാർ

സ്വന്തം ലേഖകൻUpdated: Tuesday Aug 4, 2020
പൊന്നാനി > പ്രളയം നേരിടാൻ 19 ഫൈബർ വള്ളങ്ങളും പോരാളികളും തയ്യാർ. കോസ്റ്റൽ പൊലീസിന്റെയും ഫിഷറീസ്‌ വകുപ്പിന്റെയും നേതൃത്വത്തിലാണ്‌ നിലമ്പൂരിലേക്കും വാഴക്കാട്ടേക്കും ബോട്ടുകൾ എത്തിച്ചത്‌. പൊന്നാനി, താനൂർ ഭാഗങ്ങളിൽനിന്നായി വള്ളങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച  മത്സ്യത്തൊഴിലാളികളുൾപ്പെടെ മുപ്പത്തെട്ടോളം പേരുണ്ട്‌.
 
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ എത്തിച്ച 12 ഫൈബർ വള്ളങ്ങൾക്ക്‌ ഏഴ് മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുണ്ട്‌. ഗോവയിലെ നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് വാട്ടേഴ്സ് സ്പോർട്സിൽനിന്ന് 15 ദിവസത്തെ വിദഗ്‌ധ പരിശീലനം ലഭിച്ച  15 റെസ്ക്യൂ ഗാർഡുമാരാണ്‌ ഈ വള്ളങ്ങളോടൊപ്പമുള്ളത്‌. ഇവർക്കൊപ്പം ഒൻപത്‌ മത്സ്യ തൊഴിലാളികളും.
 
പൊന്നാനി തീരദേശ പൊലീസിന് ലഭിച്ച മൂന്ന് വലിയ ഫൈബർ വള്ളങ്ങൾ  നിലമ്പൂരിലെത്തിയിട്ടുണ്ട്‌. നാല് ചെറിയ ഫൈബർ വള്ളങ്ങൾ വാഴക്കാട്ടും ഇറക്കി. ലോറികളിലാണ്‌ വള്ളങ്ങളെത്തിച്ചത്. 10 മീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുള്ള വലിയ ഫൈബർ വള്ളത്തിൽ 25 പേർക്ക് കയറാം. ആറ് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ചെറു ഫൈബർ വള്ളം നാലഞ്ചു പേരെ ഉൾക്കൊള്ളും. ഓഖി ദുരന്ത സമയത്ത് ലഭിച്ചവയാണ്‌ ഈ ഫൈബർ വള്ളങ്ങൾ. കഴിഞ്ഞ പ്രളയങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി പറവൂരിലേക്കും വാഴക്കാട്ടേക്കും കൊണ്ടുപോയിരുന്നു.
 
ഇതിനുപുറമെ, സർക്കാരിൽനിന്ന്‌ വള്ളവും എന്‍ജി-നും ലഭിച്ച പൊന്നാനിയിലെ ഒരു മത്സ്യത്തൊഴിലാളിയും സ്വമേധയാ രക്ഷാപ്രവർത്തനത്തിന് ഈ സംഘത്തോടൊപ്പമുണ്ട്. പാലപ്പെട്ടി, വെളിയങ്കോട്, താനൂർ, പരപ്പനങ്ങാടി മേഖലകളിലെ മത്സ്യത്തൊഴിലാളികളും സ്വമേധയാ സ്വന്തം വള്ളവുമായി പ്രളയ രക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി എത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top