25 April Thursday

ആർത്തലച്ച്‌ കടൽ; മനസ്സുവിങ്ങി തീരം

പി എ സജീഷ്‌Updated: Monday Jul 4, 2022

കടലാക്രമണം രൂക്ഷമായ പൊന്നാനി മുറിഞ്ഞാഴി പ്രദേശം

 
പൊന്നാനി
കടൽ കലിതുള്ളി ആർത്തിരമ്പുമ്പോൾ ഭീതിയിൽ ഉറങ്ങാതിരിക്കുകയാണ്‌ തീരം. വീടുകൾ പലതും കടലാക്രമണ ഭീഷണിയിലാണ്‌. റോഡുകൾ മുറിഞ്ഞു. മഴ ശക്തമായതോടെ  പൊന്നാനി അഴീക്കൽമുതൽ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ കടലേറ്റം ശക്തമായി. പൊന്നാനി മുറിഞ്ഞഴിയിലെയും ഹിളർപള്ളിക്കുസമീപവും ഇരുപതോളം വീടുകളിൽ വെള്ളം കേറി. ഹിളർ പള്ളി റോഡ് പകുതിയോളം തകർന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ വാഹനങ്ങളും തിരിച്ചുവിട്ടു.  
മുറിഞ്ഞഴിയിലെ അങ്കണവാടി തകർച്ചയുടെ വക്കിലാണ്. കടൽക്ഷോഭം ശക്തമായാൽ അങ്കണവാടിയും റോഡും മുഴുവനായും കടലെടുക്കും. കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടൽ കരയിലേക്ക് ഇരച്ചുകയറുന്നത്. വെളിയങ്കോട് ഹാച്ചറിക്കുസമീപം ഒമ്പത് വീടുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. റവന്യൂ അധികൃതർ ഇവരോട് ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തണ്ണിത്തുറയിലും കാപ്പിരിക്കാടും കടലേറ്റം ശക്തമാണ്. ഇരുപതോളം വീടുകൾ എതു നിമിഷവും തകർന്നുവീഴാം. നിരവധി വീടുകളിൽ വെള്ളവും മണലും കയറി വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
ചിലർ ബന്ധുവീടുകളിൽ അഭയംതേടിയെങ്കിലും മറ്റുള്ളവർ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. പൊന്നാനി നഗരസഭയിലെ മുറിഞ്ഞഴി, മുല്ല റോഡ്, മരക്കടവ്, അഴീക്കൽ മേഖലകളിലും വെളിയങ്കോട്  തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി കാപ്പിരിക്കാട് ഹിളർപള്ളി പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമാവുന്നത്. 
ക്യാമ്പുകൾ സജ്ജം
കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ക്യാമ്പ് ഉൾപ്പെടെയുള്ള സംവിധാനമൊരുക്കിയതായി തഹസിൽദാർ പറഞ്ഞു. പൊന്നാനി എംഇഎസ് ഹൈസ്കൂൾ, വെളിയങ്കോട് ഫിഷറീസ് ഗവ. എൽപി സ്കൂൾ, പാലപ്പെട്ടി വിവിധോദ്ദേശ ചുഴലിക്കാറ്റ് കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പ് സജ്ജമാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top