24 April Wednesday

തെളിഞ്ഞു, നെല്ലിൽ നാടൻതന്നെ ബെസ്റ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

ഗവേഷണത്തിനായി കലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പിൽ 
മുളപ്പിച്ച നെൽവിത്തുകൾ

തേഞ്ഞിപ്പലം
പ്രാദേശിക നെല്ലിനങ്ങളുടെ അരിയിൽ ഔഷധ–-പോഷക ഗുണങ്ങൾ തെളിയിക്കുന്ന ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് കലിക്കറ്റ് സർവകലാശാലയിലെ ഗവേഷക സംഘം. സർവകലാശാലാ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി പുത്തൂരിന്റെ കീഴിൽ പിഎച്ച്ഡി വിദ്യാർഥിനി വീണാ മാത്യു നടത്തിയ ഗവേഷണ റിപ്പോർട്ട്  ശാസ്ത്ര ഗവേഷണ പ്രസാധകരായ എൽ സേവ്യറിന്റെ ഫുഡ് ബയോ സയൻസ് ശാസ്ത്ര ജേർണലിന്റെ പുതിയ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചത്‌. 
പ്രാദേശിക നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമനിൽനിന്ന്‌ ശേഖരിച്ച 15 ഇനങ്ങളും പട്ടാമ്പി നെല്ല്‌ ഗവേഷണ കേന്ദ്രത്തിൽനിന്ന്‌ ശേഖരിച്ച സങ്കര ഇനങ്ങളും താരതമ്യംചെയ്തായിരുന്നു പഠനം. പ്രാദേശിക നെല്ലിനങ്ങളിൽനിന്നുള്ള അരിയിൽ അമൈലോസ് കൂടുതലുള്ളതിനാൽ ടൈപ്പ് രണ്ട് പ്രമേഹത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് പ്രധാന കണ്ടെത്തൽ. സിങ്ക്, കാൽസ്യം, റുബീഡിയം, സെലിനിയം എന്നിവയും ഇവയിൽ ആവശ്യമായ അളവിൽ അടങ്ങിയിട്ടുണ്ട്. നിരോക്സീകാരികളായ ഫിനോലിക് സംയുക്തങ്ങളും ഫ്ളാവനോയിഡുകൾ, ആന്തോസയാനിൻ എന്നിവയും ഇവയെ മികച്ച ഭക്ഷണമാക്കി മാറ്റുന്നു. ബോട്ടണി പഠനവകുപ്പിലെ പോളിഹൗസിൽ നെൽവിത്തുകൾ മുളപ്പിച്ചായിരുന്നു പഠനം. പോളണ്ടിലെ റോക്ലാ യൂണിവേഴ്സിറ്റിയിൽനിന്നുള്ള പീറ്റർ സ്റ്റെപിൻ, വാർസാ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസസിലെ ഹാസിം എം കലാജി എന്നിവരും പഠനസംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top