19 April Friday

ജില്ലയിൽ 5 പോക്‌സോ 
കോടതികൾകൂടി തുടങ്ങി

സ്വന്തം ലേഖകൻUpdated: Saturday Dec 3, 2022

 മഞ്ചേരി

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ പരിഗണിക്കാൻ ജില്ലയിൽ അഞ്ച് പോക്‌സോ അതിവേഗ കോടതികൾകൂടി പ്രവർത്തനം തുടങ്ങി. മഞ്ചേരി, നിലമ്പൂർ, പരപ്പനങ്ങാടി, പെരിന്തൽമണ്ണ, പൊന്നാനി എന്നിവിടങ്ങളിലാണിത്‌. ജഡ്ജ്, സീനിയർ ക്ലർക്ക്, ബെഞ്ച് ക്ലർക്ക് എന്നിവർ ഉൾപ്പെടെ ഏഴു ജീവനക്കാർ ഓരോ കോടതിയിലുമുണ്ടാകും. നാലുപേർ കരാർ ജീവനക്കാരാണ്. അഞ്ചു കോടതികളുടെയും ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അനു ശിവരാമൻ നിർവഹിച്ചു. 
മഞ്ചേരിയിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയോടനുബന്ധിച്ചാണ് (ഒന്ന്) ആദ്യമായി പോക്‌സോ സ്‌പെഷ്യൽ കോടതി ആരംഭിക്കുന്നത്. പിന്നീട് തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങൾക്കൊപ്പം മഞ്ചേരിക്ക് ഒരു അതിവേഗ പോക്‌സോ കോടതികൂടി ലഭിച്ചു. പുതിയതുൾപ്പെടെ ജില്ലയിൽ ഒമ്പത് പോക്‌സോ കോടതികളായി. പരപ്പനങ്ങാടിയിലും പെരിന്തൽമണ്ണയിലും കോടതിവളപ്പിൽതന്നെയാണ് പുതിയത്‌. മഞ്ചേരിയിൽ ഐജിബിടിയിലെ നഗരസഭാ കെട്ടിടത്തിലാണ് പ്രവർത്തനം. നിലമ്പൂരിൽ നഗരസഭ സൗജന്യമായി കെട്ടിടം അനുവദിച്ചു. പൊന്നാനിയിൽ വാടകക്കെട്ടിടത്തിലാണ്. ജില്ലയിൽ രണ്ടായിരത്തോളം പോക്‌സോ, ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളാണ് തീർപ്പാകാതെയുള്ളത്. പുതിയ കോടതികൾ പ്രവർത്തനം ആരംഭിച്ചതോടെ കേസുകൾ സമയബന്ധിതമായി തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. 
 ജില്ലാ ജഡ്ജ് എസ് മുരളീകൃഷ്ണ അധ്യക്ഷനായി. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എസ് നസീറ, ബാർ അസോ. പ്രസിഡന്റ് കെ സി അഷ്‌റഫ്, ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് എസ് രശ്മി, ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്  എ എം അഷ്‌റഫ്, മുൻ ഡിജിപി അഡ്വ. സി ശ്രീധരൻ നായർ, അഡ്വ. പി സി മൊയ്തീൻ, അഡ്വ. കെ കെ മുഹമ്മദ് അക്ബർ കോയ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top