28 March Thursday

അതിമധുരം അതിജീവനം

പി എ സജീഷ്‌Updated: Friday Dec 3, 2021

അബൂബക്കർ സിദ്ദീഖ്

പൊന്നാനി
കുറവുകളിൽ പതറാനോ തളർന്നിരിക്കാനോ സിദ്ദീഖ്‌ തയ്യാറായില്ല. പുതിയ പാതകൾ തേടി പുസ്‌തകങ്ങളുമായി മുന്നേറി. ഒടുവിൽ കലിക്കറ്റ്‌ സർവകലാശാലയിൽ എംഎസ്‌സി  കംപ്യൂട്ടർ സയൻസ്‌ പഠനംവരെ എത്തിനിൽക്കുന്ന അബൂബക്കർ സിദ്ദീഖ് (26) എന്ന യുവാവിന്റെ നേട്ടങ്ങൾക്ക്‌ പകിട്ടേറെയാണ്‌.
പൊന്നാനി അലങ്കാർ തിയേറ്ററിന് സമീപം താമസിക്കുന്ന മുസ്ലിയാരകത്ത് അറക്കൽ അബൂബക്കർ സിദ്ദീഖിന്‌ ശരീരത്തിന്റെ  95 ശതമാനവും വൈകല്യമുള്ള ലോകോമോട്ടീവ് ഡിസെബിലിറ്റി എന്ന അവസ്ഥയാണ്‌. രണ്ട്‌ കാലുകളും വലതുകൈയുമില്ല.  ഇടതുകൈയിലെ മൂന്ന് വിരലുകൾ ഒട്ടിപ്പിടിച്ചനിലയിലാണ്‌. എന്നാൽ, പരിമിതികളിൽ തളരാൻ അബൂബക്കർ സിദ്ദീഖ്‌ തയ്യാറായില്ല. പഠനത്തിൽ മിടുക്കരായ സഹോദരങ്ങളുടെ പാത പിന്തുടർന്നു. പുസ്തകങ്ങൾ കൂട്ടുപിടിച്ച് മുന്നേറി. ഇപ്പോൾ കലിക്കറ്റ് സർവകലാശാലയിൽ എംഎസ്‌സി കംപ്യൂട്ടർ സയൻസ്‌ അവസാനവർഷ വിദ്യാർഥിയാണ്.
എടപ്പാൾ ശ്രീനാരായണ സെൻട്രൽ സ്കൂളിലായിരുന്നു പഠനം. അഞ്ചാം ക്ലാസ് മുകളിലെ നിലയിലായിരുന്നു. വീൽചെയറിൽ ക്ലാസിലെത്തുന്നത് പ്രതിസന്ധിയായതോടെ  എവി ഹൈസ്കൂളിൽ പഠനം തുടർന്നു. സ്കൂൾ അധികൃതരുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയിൽ പ്രതിസന്ധികൾ ഓരോന്നും  അതിജീവിച്ചു. പത്താം ക്ലാസ് മികച്ച മാർക്കോടെ പാസായി. പൊന്നാനി എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണിന് ചേർന്നു.
ബാപ്പ മുഹമ്മദ് അക്ബറും ഉമ്മ നഫീസയും ഉറച്ച പിന്തുണ നൽകിയതോടെ സ്വപ്നങ്ങൾ യാഥാർഥ്യമായി. പ്ലസ്‌ ടുവിനുശേഷം എംഇഎസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസിന് ചേർന്നു. അതിലും മികച്ച വിജയം നേടിയാണ്‌ സർവകലാശാലാ ക്യാമ്പസിൽ എത്തുന്നത്‌. കംപ്യൂട്ടർ  സയൻസിൽ പിഎച്ച്ഡി നേടണമെന്നാണ് അബൂബക്കർ സിദ്ദീഖിന്റെ ആഗ്രഹം. കോവിഡ് കാലത്ത് 36 വെബിനാറുകളിൽ പങ്കെടുത്ത് വേൾഡ് ബുക്സ് ഓഫ് റെക്കോഡിലും ഇടംനേടിയിട്ടുണ്ട്‌. കോളേജിനടുത്ത് താമസമൊരുക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന്‌ അബൂബക്കർ സിദ്ദീഖിന് സർവകലാശാലാ ക്യാമ്പസിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് അനുവദിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top