23 April Tuesday

അതിദരിദ്ര നിർണയപ്രക്രിയ: *ഫോക്കസ്‌ ഗ്രൂപ്പ്‌ ചർച്ച 4ന്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

മലപ്പുറം
ജില്ലയിലെ അതീവ ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താനുള്ള അതിദരിദ്ര നിർണയപ്രക്രിയ അവസാനഘട്ടത്തിലേക്ക്‌. ശനി രാവിലെ പത്തിന്‌ പഞ്ചായത്ത്‌, നഗരസഭ വാർഡ്‌/ഡിവിഷനുകളിൽ ജനകീയ സമിതികളുടെ ഫോക്കസ്‌ ഗ്രൂപ്പ്‌ ചർച്ച നടത്തും. തിരൂർ നഗരസഭയിലെ ഒന്നാം വാർഡായ പൊറൂരിൽ ചർച്ചയിൽ പങ്കെടുത്ത്‌ മന്ത്രി വി അബ്ദുറഹ്‌മാൻ ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആശാ–-അങ്കണവാടി പ്രവർത്തകർ, ആർആർടി വളന്റിയർമാർ, തൊഴിലുറപ്പ്‌ മേറ്റുമാർ, എസ്‌സി–-എസ്‌ടി പ്രൊമോട്ടർമാർ, സാമൂഹ്യ–-രാഷ്‌ട്രീയ പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവരുൾപ്പെട്ട ജനകീയ സമിതികളാണ്‌ ചർച്ച നടത്തുക. ജനകീയ സമിതികളെ സഹായിക്കുന്നതിനായി ഫെസിലിറ്റേറ്റർമാരെ എല്ലാ വാർഡുകളിലേക്കും പ്രത്യേക പരിശീലനം നൽകി നിയോഗിച്ചു.
ഒരോ കുടുംബശ്രീ അയൽക്കൂട്ടത്തിൽനിന്നും രണ്ട്‌ സജീവ അംഗങ്ങളെയുൾപ്പെടുത്തി പ്രത്യേക ഫോക്കസ്‌ ഗ്രൂപ്പ്‌ ചർച്ച നടത്തും. ഇവർ കണ്ടെത്തുന്ന കുടുംബങ്ങളെ വാർഡുതല ജനകീയ സമിതി പട്ടികയിലുൾപ്പെടുത്തി വിവരശേഖരണത്തിനായി പ്രത്യേകം തയ്യാറാക്കിയ എംഐഎസ്‌എല്ലിൽ അപ്‌ലോഡ്‌ ചെയ്യും. തുടർന്ന്‌ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ വീടുകളിലെത്തി വിവരശേഖരണവും ജിഐഎസ്‌ സംവിധാനം പ്രയോജനപ്പെടുത്തി ജിയോ ടാഗും ചെയ്യും. അനർഹർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്‌ പരിശോധിക്കാൻ ബ്ലോക്കുതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സൂപ്പർ ചെക്കിങ്ങും നടത്തും.
ആശ്രയ, അഗതിരഹിത കേരളംപോലുള്ള പദ്ധതികളിൽ ഉൾപ്പെടാതെപോയ അതിദരിദ്രരെ കണ്ടെത്തി അവർക്കുള്ള അതിജീവന പദ്ധതി തയ്യാറാക്കി അഞ്ചുവർഷം നടപ്പിലാക്കാനാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യം.
കിലയുടെ നേതൃത്വത്തിൽ ജില്ലാതല ഉദ്യോഗസ്ഥർമുതൽ എന്യൂമറേറ്റർമാർവരെയുള്ളവർക്ക്‌ പരിശീലനം നൽകി. ഗ്രാമ–-വാർഡ്‌ സഭകളുടെ അംഗീകാരവും തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗീകാരവും ലഭ്യമാക്കി 30നകം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ റഫീഖ, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ്‌ കാടേരി, പദ്ധതി നോഡൽ ഓഫീസർ പ്രീതി മേനോൻ, കെ അബ്ദുൾ കലാം, എ ശ്രീധരൻ എന്നിവർ പറഞ്ഞു.മലപ്പുറം, ജില്ലാ പഞ്ചായത്ത്‌,  തദ്ദേശ വകുപ്പ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top