25 April Thursday

സഹകരണ മേഖല കൈയടക്കാനുള്ള കേന്ദ്രനീക്കം ചെറുത്തുതോൽപ്പിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

അരീക്കോട് ഏറനാട് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയാലിസിസ് കേന്ദ്രം ഓൺലെെനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു

 

അരീക്കോട്
സഹകരണ മേഖല കൈയടക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ സഹകാരികൾ ഒന്നിച്ചുനിന്ന് ചെറുത്തുതോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അരീക്കോട് ഏറനാട് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയാലിസിസ് കേന്ദ്രം ഓൺലെെനിൽ ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖല കൈയടക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സുപ്രീം കോടതി തടഞ്ഞതാണ്. എന്നാൽ, കോടതിയെ മാനിക്കാതെയുള്ള നിലപാടാണ് അവർ തുടരുന്നത്.  
ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെങ്കിലും ജീവിതശൈലീ രോഗങ്ങളുടെ വർധന ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വൃക്കരോഗികളുടെ എണ്ണം അസാധാരണമാംവിധം ഉയർന്നു. ഇത്തരത്തിൽ രോഗം ബാധിച്ച നിരവധി കുടുംബങ്ങൾ ഇതിനകം കടക്കെണിയിലായി. പുതുതായി 88 ഡയാലിസിസ് കേന്ദ്രങ്ങൾ ഇതിനകം സംസ്ഥാനത്ത് സ്ഥാപിച്ചു. പ്രതിമാസം 40,000 പേർക്ക് സർക്കാർ ഡയാലിസിസ് ചികിത്സ സൗജന്യമായി നൽകുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും സഹകരണ -സന്നദ്ധ സംഘടനകളും ഡയാലിസിസിന് സൗകര്യം ഒരുക്കുന്നുണ്ട്. വൃക്കരോഗികളെ സഹായിക്കാനായി ഏറനാട് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച അരീക്കോട്, ഊർങ്ങാട്ടിരി, കീഴുപറമ്പ് സഹകരണ ബാങ്കുകളുടെ പ്രവർത്തനം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
പി കെ ബഷീർ എംഎൽഎ അധ്യക്ഷനായി. മന്ത്രി വി അബ്ദുറഹ്മാൻ ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു. പി വി അൻവർ എംഎൽഎ ഉപഹാര സമർപ്പണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, കേരളാ ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു, 
അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പി കെ റുഖിയ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ അബ്ദുഹാജി, സി ജിഷ വാസു, വി പി ശരീഫ, പഞ്ചായത്തംഗം പ്രസന്ന മേലേപുരക്കൽ, സഹകരണ ഡെപ്യൂട്ടി രജിസ്‌ട്രാർ സുരേന്ദ്രൻ ചെമ്പ്ര, മഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാർ ബാലകൃഷ്ണൻ പാലത്തിങ്ങൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ്, അരീക്കോട്‌ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സഫറുള്ള, മുൻ ദേശീയ ഫുട്‌ബോൾ താരം യു ഷറഫലി, പെരിന്തൽമണ്ണ ഇ എം എസ്‌ സ്‌മാരക സഹകരണ ആശുപത്രി ജനറൽ മനേജർ എം അബ്‌ദുന്നാസിർ, വ്യാപരി വ്യവസായി സമിതി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം നിസാറലി എന്നിവർ സംസാരിച്ചു. മാനേജിങ് ട്രസ്റ്റി അഡ്വ. കെ വി സലാഹുദീൻ സ്വാഗതവും ട്രസ്റ്റി ടി കെ സഹദേവൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top