28 March Thursday

തിരൂർമുതൽ തിരൂർവരെ

സി പ്രജോഷ്‌കുമാർUpdated: Friday Dec 3, 2021

മലപ്പുറം
ചരിത്രം തുടിക്കുന്ന മണ്ണാണ്‌ തിരൂരിന്റേത്‌. ഭാഷാപിതാവിന്റെ ജന്മദേശം. കലയും സംസ്‌കാരവും മാത്രമല്ല, സാമ്രാജ്യത്വവിരുദ്ധ പോരാട്ടവും ദേശീയ സ്വാതന്ത്ര്യ സമര പ്രക്ഷോഭവും ഇളക്കിമറിച്ച ഭൂമിക. വിപ്ലവ ചിന്തകൾക്ക് ഊടും പാവും നെയ്‌ത നാട്‌ സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ ആതിഥ്യമരുളുന്നത്‌ മൂന്നാംതവണ.
 1969ൽ ജില്ലാ കമ്മിറ്റി നിലവിൽവന്നശേഷം ആദ്യ സമ്മേളനം തിരൂരിലായിരുന്നു. 1972 നവംബർ 22, 23, 24 തീയതികളിൽ. തുഞ്ചൻപറമ്പായിരുന്നു വേദി. ഇ കെ ഇമ്പിച്ചിബാവ സെക്രട്ടറിയായി 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇമ്പിച്ചിബാവക്കുപുറമെ എം അനന്തൻ, കെ ഉമ്മർ മാസ്‌റ്റർ, എം ബീരാൻകുട്ടി എന്നിവർ പുതുതായി കമ്മിറ്റിയിലെത്തി. മുസ്ലിംലീഗിന്റെ കടുത്ത എതിർപ്പുകളെ അതിജീവിച്ചായിരുന്നു സംഘടനാപ്രവർത്തനം. ലീഗ്‌ ഗുണ്ടകൾ അഴിഞ്ഞാടിയ കാലം. ഇ എം എസ്‌ സർക്കാരിനുശേഷം ഐക്യമുന്നണി സർക്കാർ അധികാരത്തിൽ വന്നതോടെ ആക്രമണം ശക്തമായി. സി എച്ച്‌ മുഹമ്മദ്‌ കോയയായിരുന്നു ആഭ്യന്തര മന്ത്രി. പൊലീസിനെ ഉപയോഗിച്ച്‌ പാർടിയെ വേട്ടയാടി. 1970ൽ മിച്ചഭൂമി സമരം ഏറ്റെടുത്ത്‌ പാർടി ജനങ്ങൾക്കിടയിലേക്കിറങ്ങി. ഇ എം എസ്‌ സർക്കാർ കൊണ്ടുവന്ന കാർഷികബന്ധ ബിൽ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു സമരം. ലീഗ്‌ ഭൂപ്രമാണിമാർക്കൊപ്പമായിരുന്നു. മത–-സാമുദായിക നേതാക്കളെ ഇറക്കി അവർ സമരത്തെ നേരിട്ടു. ഭൂമിയിൽ ജന്മിയുടെ അവകാശം ദൈവനിഷ്‌ഠമാണ്‌ എന്ന്‌ മതപണ്ഡിതർ പ്രസംഗിച്ചു. കൃഷിഭൂമി കർഷകനെന്ന്‌ വാദിക്കുന്നത്‌ മതനിഷേധമാണെന്ന്‌ ഫത്‌വ ഇറക്കി. എന്നാൽ, പാർടി പിന്നോട്ടുപോയില്ല. കുടികിടപ്പ്‌ അവകാശം സംരക്ഷിക്കുക, കൈവശഭൂമിയിൽ കൃഷി ചെയ്യാനുള്ള അവകാശം സ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി സമരം ശക്തമാക്കി. അവശ ജനവിഭാഗങ്ങൾക്കിടയിൽ അവകാശബോധമുണർത്താൻ പാർടിക്കായി. 1973ൽ മിച്ചഭൂമി സമരം ശക്തമായി. കുടികിടപ്പ്‌ ഭൂമി വളച്ചുകെട്ടി നടത്തിയ ഐതിഹാസിക സമരത്തിന്‌ പാർടി നേതൃത്വം നൽകി. ഭൂപരിഷ്‌കരണ നിയമം പാസായതോടെ പതിനായിരങ്ങൾ ഭൂമിയുടെ അവകാശികളായി. സംഘടനാ രംഗത്തുണ്ടായ വളർച്ച പാർലമെന്ററി രംഗത്തും പ്രതിഫലിച്ചു. 1969ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പാർടി പിന്തുണച്ച സ്വതന്ത്രൻ ജയിച്ചു. 1970ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽനിന്നും പാർടി സംസ്ഥാന കമ്മിറ്റി അംഗം എം കെ കൃഷ്‌ണൻ ജയിച്ചു. പിന്നീട്‌ പലയിടത്തും ചെങ്കൊടി പാറി. യുഡിഎഫ്‌ കോട്ടകൾ തകർന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top