20 April Saturday

ബൂത്ത് ഏജന്റില്ലാത്ത തെരഞ്ഞെടുപ്പ്‌

മനു വിശ്വനാഥ്‌Updated: Thursday Dec 3, 2020

കായക്കൽ കാരികുട്ടിയും മകൻ അജിത്തും

താനൂർ

അമ്മയുടെകൂടെ പുല്ല് വിൽക്കാൻ വൈലത്തൂർ അങ്ങാടിയിൽ പോയപ്പോൾ ജൂപിറ്റർ കുറിക്കമ്പനിയുടെ വരാന്തയിൽ ചുവന്ന കൊടി കെട്ടിയത് കണ്ടു. അടുത്ത്‌ ചെന്നപ്പോൾ  കമ്യൂണിസ്റ്റ് ആചാര്യൻ ഇ എം എസ്‌ അവിടെ. അന്ന് നെഞ്ചേറ്റിയ ചെങ്കൊടി ഇന്നും പൊന്മുണ്ടം കാവനാട് സ്വദേശി കായക്കൽ കാരിക്കുട്ടിക്ക്‌ ആവേശമാണ്‌. മകൻ അജിത്ത്‌ കായക്കലിന്റെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ പഴയ കാലത്തിന്റെ ഊർജം നിറയ്‌ക്കുകയാണ്‌ എഴുപത്തിയൊന്നാം വയസ്സിലും കാരിക്കുട്ടി.  ഇന്നത്തെ പൊന്മുണ്ടം, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളുടെ പ്രദേശമായിരുന്നു അന്നത്തെ പഞ്ചായത്ത് പരിധി. പൊന്മുണ്ടം ഭാഗത്തെ അഞ്ചാം വാർഡിൽനിന്നാണ് ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ ജനവിധി തേടിയത്. അടിയന്തരാവസ്ഥക്കുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ്‌, വീടുകളിൽ കയറിയിറങ്ങാനോ, വോട്ടേഴ്സ് സ്ലിപ് കൊടുക്കാനോ കഴിയാത്ത കാലം. വൈലത്തൂരിലെ ഓഫീസിൽവച്ചാണ് സ്ഥാനാർഥിയാകാൻ  പാർടി ആവശ്യപ്പെട്ടത്. നടുവഞ്ചേമി സൈതാമു ഹാജി ലീഗിനും തച്ചോത്ത് കുഞ്ഞാപ്പു കോൺഗ്രസിനും വേണ്ടി  മത്സരിച്ചു.  ബൂത്ത് ഏജന്റുമാർപോലും ഇല്ലാതിരുന്ന കാലത്ത് പാർടി ചിഹ്നത്തിൽ മത്സരിച്ചപ്പോൾ ലഭിച്ചത് 48 വോട്ട് മാത്രം. പക്ഷെ, കാലംമാറി. നാട്ടിൽ ചെങ്കൊടി പാറി. പട്ടിണിയിലും പ്രയാസങ്ങളിലും  സംഘടനാ രംഗത്ത് സജീവമായിനിന്നു. ഇളയമകൻ അജിത്ത് കായക്കൽ പൊന്മുണ്ടം പഞ്ചായത്ത് ഏഴാം വാർഡിൽനിന്നാണ് എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top