26 April Friday
പ്രളയ പുനരധിവാസം

സർക്കാർ ചെലവഴിച്ചത്‌ 140 കോടി

സ്വന്തം ലേഖകൻUpdated: Thursday Dec 3, 2020

എടക്കര

പ്രളയം പിടിച്ചുലച്ച നിലമ്പൂരിനെ കൈപിടിച്ചുയർത്താൻ എൽഡിഎഫ് സർക്കാർ ചെലവഴിച്ചത്‌ 140 കോടി രൂപ. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ ധനസഹായം നൽകിയും പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയും സർക്കാർ സംവിധാനങ്ങൾ ദ്രുതഗതിയിൽ ചലിച്ചു. ആദിവാസി മേഖലകളിൽ ഉൾപ്പെടെ ഭക്ഷണവും താമസവും ഉറപ്പാക്കി. തകർന്ന റോഡുകളും പാലങ്ങളും അടിയന്തരമായി പുനർനിർമിച്ചു. വീട്‌ വയ്ക്കാൻ സ്ഥലം കൈമാറി.  2019 ആഗസ്‌തിലുണ്ടായ പ്രളയ ദുരന്തത്തിൽ 65 പേരാണ് മരിച്ചത്. ഇതിൽ 59 പേരും കവളപ്പാറ ദുരന്തത്തിൽ. മരണപ്പെട്ടവരുടെ കുടുംബത്തിന്‌ നാല് ലക്ഷംവീതം 2.6 കോടി നൽകി. അടിയന്തര ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കവളപ്പാറ ട്രൈബൽ കോളനിയിലെ 31 കുടുംബങ്ങൾക്ക്‌ പോത്ത്കല്ലിലെ ഓഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ്. പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് ഇവിടെമാത്രം ചെലവഴിച്ചത്‌.  ഉപ്പട ഗ്രാമം റോഡിൽ മൂന്നര ഏക്കർ സ്ഥലം സർക്കാർ വിലയ്ക്ക് വാങ്ങി 31 കുടുംബങ്ങൾക്ക് കൈമാറി. നിലമ്പൂരിൽ പ്രളയത്തിൽ തകർന്ന 80 റോഡുകളുടെ പുനർനിർമാണത്തിന്‌ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌ പുനരുദ്ധാരണ പദ്ധതിയിൽ 10.45 കോടി  രൂപയും അനുവദിച്ചു. കൈപ്പിനിപ്പാലം അറ്റകുറ്റപ്പണിക്കും പുതിയത് നിർമിക്കാനും, പാലാങ്കര പാലം അറ്റകുറ്റപ്പണിക്കും 15 കോടി അനുവദിച്ചു. പാലാങ്കര കരുളായി പാലം അറ്റകുറ്റപണി നടത്തി തുറന്ന് കൊടുത്തു. പാതാറിൽ പുതിയ പാലം നിർമിച്ചു. പലർക്കും പ്രളയത്തിൽ രേഖകൾ പൂർണമായി നഷ്ടപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങൾ തടസ്സമാകാതെ, വളരെ വേഗത്തിൽ തുക കൈമാറാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.

■വീടുകൾക്ക്‌ നാശനഷ്ടം നേരിട്ടവർക്ക്     39 കോടി 

■ഭൂമിയും വീടും നഷ്ടമായവർക്ക്     37.44 കോടി

■5760 കുടുംബങ്ങൾക്ക്‌ 10,000 രൂപവീതം     5.76 കോടി

■വീട്‌ തകർന്ന 456 ഗുണഭോക്താക്കൾക്ക്      നാല് ലക്ഷംവീതം             18.24 കോടി  

■ഭൂമി നഷ്ടപ്പെട്ട 322 കുടുംബങ്ങൾക്ക്     ആറ് ലക്ഷംവീതം             19.32 കോടി

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top