26 April Friday

"തെരഞ്ഞെടുപ്പ് ഫലം 
വരുമ്പോൾ കണ്ടോളൂ..'

സ്വന്തം ലേഖകൻUpdated: Monday Oct 3, 2022

കോടിയേരി ബാലകൃഷ്ണൻ എൽഡിഎഫ് വേങ്ങര കുഴിപ്പുറത്ത് തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് എത്തിയപ്പോൾ ( -ഫയൽ ചിത്രം )

 
മലപ്പുറം
ഇ അഹമ്മദ്‌ അന്തരിച്ചതിനെത്തുടർന്ന്‌ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ 2017 ഏപ്രിൽ 12ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നു. രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം മുസ്ലിം ലീഗിനുള്ള മണ്ഡലത്തിൽ, എംഎൽഎ സ്ഥാനം രാജിവച്ച്‌ പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ്‌ സ്ഥാനാർഥിയായി എത്തി. മാർച്ച്‌ 18ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താ സമ്മേളനം വിളിച്ചു. എൽഡിഎഫ്‌ സ്ഥാനാർഥിയായി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ എം ബി ഫൈസലിനെ പ്രഖ്യാപിച്ചപ്പോൾ ചില മാധ്യമപ്രവർത്തകരുടെ ചോദ്യം: ‘കുഞ്ഞാലിക്കുട്ടിക്ക്‌ ഈസി വാക്കോവർ കൊടുക്കാനാണോ?’. ‘അത്‌ ഫലംവരുമ്പോൾ നിങ്ങൾ കണ്ടോളൂ’–- കോടിയേരിയുടെ മറുപടി.
 മണ്ഡലമാകെ ഇളക്കിമറിച്ച തെരഞ്ഞെടുപ്പായിരുന്നു. ഏപ്രിൽ 17ന്‌ ഫലം വന്നപ്പോൾ എൽഡിഎഫിന് 2014ലേതിനേക്കാൾ 1,01,303 വോട്ട്‌ വർധിച്ചു. 2014–-ൽ എസ്ഡിപിഐ, വെൽഫെയർ പാർടി തുടങ്ങിയവ നേടിയ എഴുപതിനായിരത്തോളം വോട്ട്‌ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ അക്കൗണ്ടിൽ എത്തിയിട്ടും എൽഡിഎഫ്‌ വോട്ടുകൾ കൂടി. അത്ര ഈസിയായിരുന്നില്ല യുഡിഎഫിനും പി കെ കുഞ്ഞാലിക്കുട്ടിക്കും ആ ഉപതെരഞ്ഞെടുപ്പ്‌. കടുത്ത മത്സരമായിരുന്നു. എൽഡിഎഫിന്റെ യുവ രക്തത്തിന്‌ നല്ല സ്വീകാര്യത കിട്ടി. അതിന്‌ സംഘടനയെ ഒരുക്കി നേതൃത്വം കൊടുത്തത്‌ കോടിയേരിയായിരുന്നു. ‘കോടിയേരിയുടെ സംഘാടന മികവ്‌ അത്രമാത്രം പ്രകടമായിരുന്നു മലപ്പുറം ലോക്‌സഭാ മണ്ഡലം, വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ’–- എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഇ എൻ മോഹൻദാസ്‌ ഓർക്കുന്നു. 
മലപ്പുറത്തും വേങ്ങരയിലും യുഡിഎഫ്‌ വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിച്ച്‌ വലിയ മുന്നേറ്റമാണ്‌ എൽഡിഎഫ്‌ ഉണ്ടാക്കിയത്‌. മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയാണ്‌ ഇവ എന്ന ധാരണ പൊളിച്ചടുക്കിയ തെരഞ്ഞെടുപ്പ്‌. ‘ബൂത്തു സെക്രട്ടറിമാരുടെ ഉൾപ്പെടെ യോഗം വിളിച്ചുചേർത്ത്‌ ആഴ്‌ചകളോളം കോടിയേരി മണ്ഡലത്തിൽതന്നെയുണ്ടായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിനിടെ ഒരിക്കൽ കോട്ടക്കൽ ഏരിയാ കമ്മിറ്റി ഓഫീസിൽ ബൂത്ത്‌ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ ഷുഗർ വ്യത്യാസം വന്ന്‌ അദ്ദേഹം ക്ഷീണിതനായി. എങ്കിലും യോഗംതീർത്താണ്‌ കോടിയേരി ആശുപത്രിയിൽ പോയത്‌’–- ഇ എൻ ഓർക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top