26 April Friday

സമ്മോഹനം; ചികിത്സയിലെ 
ഈ ‘കൽ’വിളക്കുകൾ

കെ കെ രാമകൃഷ്ണന്‍Updated: Tuesday Aug 3, 2021

 

 
വേങ്ങര 
ആധുനിക കാലത്ത്‌ അധികമാർക്കും അറിയാത്തതും എന്നാൽ വിശിഷ്ട ഗുണങ്ങളുള്ളതുമായ കല്ലുകളെക്കുറിച്ചുള്ള അറിവാണ്‌ കോട്ടക്കൽ നായാടിപ്പാറ സ്വദേശി പേക്കാട്ടു മോഹന (62)നെ  വ്യത്യസ്തനാക്കുന്നത്. ആയുർവേദം പ്രാധാന്യം കൽപ്പിക്കുന്ന കർക്കടക മാസത്തിൽ മരുന്നുകളിൽ ഉപയോഗിക്കുന്ന കല്ലുകളെക്കുറിച്ച്‌ പറഞ്ഞുതരികയാണ്‌ മുൻ ആര്യവൈദ്യശാലാ ജീവനക്കാരൻകൂടിയായ  ഇദ്ദേഹം. ചായില്യം എന്നു ചിലരെങ്കിലും കേട്ടിട്ടുള്ള, ആയുർവേദത്തിൽ പ്രത്യേകം നിർദേശിക്കപ്പെട്ട ശിലയാണ്‌ മോഹനന്റെ ശേഖരത്തിൽ പ്രധാനം. ശുദ്ധിചെയ്‌തെടുത്ത ചായില്യം ഉപയോഗിച്ച് ക്ഷയം ചികിത്സിക്കാം. പണ്ട് ശരീരവേദന മാറ്റാനും ശരീരപുഷ്ടിക്കും  ഉപയോഗിച്ചിരുന്നു. തെയ്യത്തിന്റെ മുഖമെഴുത്തിനും ചുവർ ചിത്രങ്ങൾക്ക് നിറം പകരാനും ഈ കല്ല്‌  ഉപയോഗപ്രദമാണ്‌.  ക്യാൻസർ ചികിത്സയിലെ മനശ്ശിലയും നാടക നടൻകൂടിയായ മോഹനന്റെ കൈവശമുണ്ട്‌. ഇതുകൊണ്ട്‌ കഥകളിക്കു ചായമിടാം. മുഖകാന്തി വർധിപ്പിക്കാം. മറ്റൊരു കല്ലാണ്‌ ശിലാജിത്ത്‌. ചന്ദ്രപ്രഭ എന്ന മരുന്നിൽ ഉപയോഗിക്കുന്നു. ഹിമാലയസാനുക്കളിലെ ഉയർന്ന മലനിരകളിലാണ്‌ കാണുന്നത്‌.  ലൈംഗിക ഉത്തേജക ഔഷധങ്ങളിലും ചേർക്കുന്നുണ്ട്‌. പ്രശസ്തമായ കന്മദക്കല്ലും ശേഖരത്തിലുണ്ട്‌.  പർവതശിഖരങ്ങൾക്കുള്ളിലെ ധാതുരസങ്ങൾ ചൂടിനാൽ ഒലിച്ചിറങ്ങി രൂപപ്പെടുന്നതാണ്‌ കന്മദം. പ്രധാനമായും ഭസ്മത്തിലാണ്  ഉപയോഗിക്കുന്നത്. ഉത്തേജക ഔഷധമായും കണക്കാക്കുന്നു. മേദസ്സ്‌ ഇല്ലാതാക്കാനും പ്രമേഹം ശമിപ്പിക്കാനും കഴിയും. ഇവ കൂടാതെ ഗോരോചനാദിയിൽ ഉപയോഗിക്കുന്ന അരിദ്വാര ശില, പാൽ തുത്ത്,
കാന്ത ഭസ്മത്തിൽ ചേർക്കുന്ന സൂചി കാന്തം, കറുത്ത ഗുളികയിൽ ഉപയോഗിക്കുന്ന സഹസ്ര വേദി ശില, കന്നാരശില, അഭ്ര ഭസ്മത്തിൽ ഉപയോഗിക്കുന്ന അഭ്രശില, പുരാണ കിട്ടം, മാക്കിര കല്ല്... അങ്ങനെ കല്ലുകൾ നിരവധിയാണ് മോഹനന്റെ ശേഖരത്തിൽ. 21 വർഷമായി ഈ ശേഖരിക്കൽ തുടരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top