25 April Thursday
മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂർത്തീകരണം

അക്രഡിറ്റഡ് എൻജിനിയർമാരെ 
നിയമിക്കും: മന്ത്രി കെ രാധാകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

കൊട്ടാശേരി കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുന്നു

കൊണ്ടോട്ടി 
പട്ടികജാതി പട്ടികവർഗ ഗുണഭോക്താക്കളുടെ മുടങ്ങിക്കിടക്കുന്ന ഭവന നിർമാണം ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തിയാക്കാൻ ത്രിതല പഞ്ചായത്ത്തലത്തിൽ 500 അക്രഡിറ്റഡ് എൻജിനിയർമാരെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കൊണ്ടോട്ടി നെടിയിരുപ്പ് കോട്ടാശേരി കോളനിയിൽ അംബേദ്കർ ഗ്രാമം ഉൾപ്പെടെ വിവിധ  പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പിന്നോക്ക വിഭാഗം വിദ്യാർഥികൾക്ക് പരിശീലനത്തോടൊപ്പം ജോലി നൽകുന്നതിനാണ് അക്രഡിറ്റഡ് എൻജിനിയേഴ്സ്‌ തസ്തികയിൽ താല്‍ക്കാലിക നിയമനം നടത്തുന്നത്‌. പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ്‌ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളിൽ പഞ്ചായത്ത് തലത്തിൽ നിന്നാവശ്യമായ സാങ്കേതിക അനുമതികൾ വേഗത്തിൽ ലഭിക്കാനും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുമാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക. 
മാസത്തിൽ 18,000 രൂപ വേതനത്തിൽ രണ്ട് വർഷത്തേക്കായിരിക്കും നിയമനം. ഇവർക്ക്‌ എക്പീരിയൻസ്‌ സർട്ടിഫിക്കറ്റും നൽകും. ഇത് ഭാവിയിൽ ഉന്നത ജോലികൾ ലഭിക്കുന്നതിന്‌ സഹായിക്കും. പദ്ധതിയിൽ 500ലേറെ വിദ്യാർഥികൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി വി ഇബ്രാഹിം എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹറാബി, നഗരസഭാ വൈസ് ചെയർമാൻ പി സനൂപ്, സ്ഥിരംസമിതി അംഗങ്ങളായ അഷ്റഫ് മടാൻ, റംല കൊടവണ്ടി, കൗൺസിലർ ആസിഫ്, ശിഹാബ് കോട്ട, വി സബിത, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ മണികണ്ഠൻ, സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ്, പി അഹമ്മദ് കബീർ, വി മണി, ഷിബു അനന്തായൂർ, പട്ടികജാതി വികസന ഓഫീസർ വി കെ മുനീർ റഹ്മാൻ  എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top